കോണ്‍ഗ്രസില്‍ ആദ്യ പൊട്ടിത്തെറി പാലക്കാട്ടു നിന്ന്; എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

ഡിസിസി പട്ടിക പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന കലാപത്തില്‍ ആദ്യ പൊട്ടിത്തെറി പാലക്കാട്.
 | 
AV Gopinath
എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു.

ഡിസിസി പട്ടിക പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന കലാപത്തില്‍ ആദ്യ പൊട്ടിത്തെറി പാലക്കാട്. എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസക്കാരനായി താന്‍ ഇനിയുണ്ടാവില്ലെന്ന് ഗോപിനാഥ് പറഞ്ഞു. ഒരു പാര്‍ട്ടിയിലേക്കും ഉടന്‍ ഇല്ലെന്നും ഗോപിനാഥ് വ്യക്തമാക്കി. 

നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ ഗോപിനാഥിന് ഡിസിസി പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പുതിയ നേതൃത്വത്തിന് കീഴില്‍ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ഗോപിനാഥിന്റെ പേര് ഉണ്ടായിരുന്നില്ല. എ.തങ്കപ്പനെയാണ് ഡിസിസി പ്രസിഡന്റാക്കിയത്. ഇതോടെ ഗോപിനാഥ് പാര്‍ട്ടി വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 

50 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു. ഒരു അധികാരവും ലഭിക്കില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ രാജിവെക്കുന്നു എന്നാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ തലമുറമാറ്റത്തില്‍ ആദ്യ പൊട്ടിത്തെറി പാലക്കാട്ടു നിന്നായിരിക്കുമെന്ന് എ.കെ.ബാലന്‍ ഇന്നലെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.