റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവെന്ന പേരില്‍ വ്യാജരേഖ; മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി

 | 
Monson

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം കൈവശമുണ്ടെന്ന് തെളിയിക്കാന്‍ വ്യാജരേഖ ചമച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്റെ പേരിലാണ് വ്യാജരേഖ തയ്യാറാക്കിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ഡിആര്‍ഡിഒയ്ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിരുന്നു.

ഡിആര്‍ഡിഒ നടത്തിയ അന്വേഷണത്തില്‍ രേഖ വ്യാജമാണെന്ന് വ്യക്തമായി. ഇതോടെയാണ് വ്യാജരേക ചമച്ചതിന് മോന്‍സണെതിരെ കേസെടുത്തത്. ഇതോടെ ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ആറായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മോന്‍സനെതിരെ കഴിഞ്ഞ ദിവസം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കോസ്‌മെറ്റോളജിസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന മോന്‍സണ്‍ തന്റെ വീടിന്റെ മുകള്‍ നിലയില്‍ ഒരുക്കിയിരുന്ന മസാജ് പാര്‍ലറില്‍ ഒളിക്യാമറ വെച്ചിരുന്നതായി പീഡനത്തിന് ഇരയായ പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. മോന്‍സന്റെ അടുത്ത് ചികിത്സക്കായി പ്രമുഖര്‍ പലരും എത്താറുണ്ടായിരുന്നെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നതിനാല്‍ ബ്ലാക്ക് മെയിലിംഗ് ഭയന്നാണ് പലരും പരാതി നല്‍കാന്‍ മടിക്കുന്നതെന്നും പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കി.