കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനമെന്ന് ഫാ.റോയി കണ്ണന്‍ചിറ

പാലാ ബിഷപ്പ് ഉയര്‍ത്തിയ ലവ് ജിഹാദ് വിവാദം പുതിയ തലത്തിലേക്ക്. വിദ്വേഷ പ്രചാരണം കൂടൂതല്‍ വൈദികര്‍ ഏറ്റെടുക്കുന്നു. കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്ന് ഫാ.റോയി കണ്ണന്‍ചിറ പറഞ്ഞു. ദീപിക ബാലജനസഖ്യം ഡയറക്ടറാണ് ഫാ.റോയി കണ്ണന്‍ചിറ സിഎംഐ.
18-ാം തിയതി ചങ്ങനാശേരി അതിരൂപതയിലെ സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വൈദികന്‍ വിവാദ പരാമര്‍ശം നടത്തിയത്. കോട്ടയത്തെ ഒരു സീറോ മലബാര്‍ ഇടവകയില്‍ നിന്ന് 9 പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ ഈഴവര്‍ തട്ടിക്കൊണ്ടുപോയെന്നും ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ലെന്നും വൈദികന്‍ പറഞ്ഞതായി ട്രൂ കോപ്പി തിങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
'കോട്ടയത്തിന് അടുത്തുള്ള സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. സ്ട്രാറ്റജിക് ആയി അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മള്‍ ജാഗ്രതയില്ലാത്തവരാണ്. അതാണ് നമ്മള്‍ നേരിടുന്ന വലിയ ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോകുവാന്‍ ശത്രുക്കള്‍ പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും സഭയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും മാതാപിതാക്കളോട് ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഇതിനു വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാധ്യാപകര്‍ക്ക്, സമര്‍പ്പിതര്‍ക്ക്, വൈദികര്‍ക്ക് കഴിയുന്നില്ല എന്നുള്ളത് വര്‍ത്തമാന കാല കത്തോലിക്കാ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ് എന്നായിരുന്നു ഫാ.കണ്ണന്‍ചിറയുടെ വാക്കുകള്‍.
നാദിര്‍ഷയുടെ ചിത്രത്തിന് ഈശോ എന്ന് പേര് നല്‍കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയ വൈദികനാണ് ഫാ.റോയി കണ്ണന്‍ചിറ. കുട്ടികളുടെ ദീപിക ചീഫ് എഡിറ്റര്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ തുടങ്ങിയ ചുമതലകളും ഇദ്ദേഹം വഹിക്കുന്നുണ്ട്.