പുരാവസ്തു കച്ചവടക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ്; ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കല്‍ പിടിയില്‍

 | 
Monson
പുരാവസ്തു കച്ചവടക്കാരനെന്ന പേരില്‍ വ്യാജരേഖ കാണിച്ച് കോടികള്‍ തട്ടിയയാള്‍ പിടിയില്‍

പുരാവസ്തു കച്ചവടക്കാരനെന്ന പേരില്‍ വ്യാജരേഖ കാണിച്ച് കോടികള്‍ തട്ടിയയാള്‍ പിടിയില്‍. ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കല്‍ ആണ് പിടിയിലായത്. അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപ ഇയാള്‍ തട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച പരാതിയില്‍ പറയുന്നത്. കൊച്ചി, കലൂരില്‍ ഇയാളുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. നടന്‍മാര്‍ ഉള്‍പ്പെടെ പ്രമുഖരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

യുഎഇയിലെ രാജകുടുംബാംഗങ്ങള്‍ക്ക് പുരാവസ്തുക്കള്‍ നല്‍കിയതിന് 2,62,000 കോടി രൂപ തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും അത് എടുക്കുന്നതിന് നിയമതടസങ്ങളുള്ളതിനാല്‍ കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് ഇയാള്‍ പരിചയക്കാരില്‍ നിന്ന് 10 കോടി വാങ്ങിയത്. സഹായിച്ചാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കാമെന്നായിരുന്നു ഇയാള്‍ നല്‍കിയ വാഗ്ദാനം. ഇങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരില്‍ നിന്നും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

ബാങ്കിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ് കാട്ടിയായിരുന്നു തട്ടിപ്പ് നടത്തിയത്. തന്റെ കൈവശം മോശയുടെ അംശവടിയും ടിപ്പു സുല്‍ത്താന്റെ സിംഹാസനവും ഉണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പുരാവസ്തുക്കളെന്ന പേരില്‍ ഇയാള്‍ ശേഖരിച്ചിരുന്ന വസ്തുക്കള്‍ ചേര്‍ത്തലയിലുള്ള ആശാരിയെക്കൊണ്ട് നിര്‍മിച്ചവയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവയ്ക്ക് കോടികള്‍ വില വരുമെന്നായിരുന്നു മോന്‍സണ്‍ പ്രചരിപ്പിച്ചിരുന്നത്.

കലൂരിലെ പുരാവസ്തു കേന്ദ്രത്തിലേക്ക് പ്രമുഖരെ വിളിച്ചു വരുത്തി സല്‍ക്കരിക്കുന്ന പതിവുണ്ടായിരുന്നുവെന്നും അതിലൂടെ സിനിമാ ബന്ധങ്ങള്‍ ഉള്‍പ്പെടെ ഇയാള്‍ക്ക് ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ മറ്റു തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.