ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി സാധാരണ സര്‍വീസുകള്‍ റദ്ദാക്കി

 | 
ksrtc
തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ സര്‍വീസുകള്‍ റദ്ദാക്കി

തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സാധാരണ സര്‍വീസുകള്‍ റദ്ദാക്കി. അവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദേശം അനുസരിച്ചും ഡിമാന്റ് അനുസരിച്ചും മാത്രം നടത്തുമെന്ന് കെഎസ്ആര്‍ടിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ അതാത് യൂണിറ്റിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വിസുകള്‍ പോലീസ് അകമ്പടിയോടെ മാത്രം നടത്താന്‍ ശ്രമിക്കുമെന്നാണ് കോര്‍പറേഷന്‍ അറിയിക്കുന്നത്.

ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുമെന്നതിനാലും സാധാരണ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല എന്നാണ് അറിയിപ്പ്. വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം എല്ലാ സ്റ്റേ സര്‍വീസുകളും ഉണ്ടായിരിക്കുന്നതാണ്. യാത്രക്കാരുടെ ബാഹുല്യം ഉണ്ടായാല്‍ അധിക സര്‍വീസുകളും അയക്കും.

കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പ്രതിഷേധത്തിന് എല്‍ഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.