ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്; നിർദേശം ലംഘിച്ച് വെട്ടിമാറ്റിയത് 129 പാരഗ്രാഫുകൾ

 | 
hemacommittee

മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്.

21 പാരഗ്രാഫുകൾ നീക്കാനാണ് വിവരാവകാശ കമ്മീഷൻ നീക്കാൻ നിർദേശിച്ചത്. എന്നാൽ 129 പാരഗ്രാഫുകൾ വെട്ടിമാറ്റിയ ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.

നാലര വർഷം പൂഴ്ത്തിവച്ച റിപ്പോർട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങൾ മാറ്റിവച്ച ശേഷം നൽകാമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒടുവിൽ പുറത്തുവിടാൻ സർക്കാർ തയാറായത്. ഇതിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു.

എന്നാൽ അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങൾക്കൂടി മാറ്റുകയായിരുന്നു. അതിപ്രശസ്തർ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് ശേഷമുള്ള ഭാ​ഗങ്ങളാണ് നീക്കിയത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ജൂലൈ 18ന് സാംസ്കാരിക വകുപ്പ് എസ്.പി.ഐ.ഒ ഇറക്കിയ ഉത്തരവിൽ ഈ ഭാഗങ്ങൾ നീക്കുമെന്ന് പറഞ്ഞിട്ടില്ല.

എന്നാൽ വെട്ടിമാറ്റണമെന്ന് പറഞ്ഞ 96ാം പാരഗ്രാഫ് ഉൾപ്പെട്ടിട്ടുമുണ്ട്. 'മുന്നിൽവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ, ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്. അത് കമ്മീഷന് ബോധ്യമുണ്ട്. അവരുടെ പേരുകളും കമ്മീഷൻ മുമ്പാകെ പറയപ്പെട്ടു'- എന്നാണ് ഈ പാരഗ്രാഫിൽ പറയുന്നത്.

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ അബ്ദുൽ ഹക്കീം ഈ റിപ്പോർട്ട് മുഴുവൻ വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കാമെന്ന് നിർദേശിച്ചത്. അനുബന്ധവും നൽകേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇത് മറികടന്നാണ് 129 പാരഗ്രാഫുകൾ സാംസ്‌കാരിക വകുപ്പിലെ ഉദ്യോ​ഗസ്ഥർ വെട്ടിമാറ്റിയത്. ഇതെന്തിനായിരുന്നു എന്ന ചോദ്യവും നടപടിയിൽ വിമർശനവും ഉയർത്തി നിയമവിദഗ്ധരടക്കം രംഗത്തെത്തിയിട്ടുണ്ട്.