പോലീസിനെ കുഴക്കി ഹണിട്രാപ്പ് വിവാദം; എസ്‌ഐയുടെ പരാതിയില്‍ യുവതിക്ക് എതിരെ കേസ്

ഉന്നത ഉദ്യോഗസ്ഥരടക്കം കെണിയിലായ സംഭവത്തില്‍ ആദ്യത്തെ കേസാണ് ഇത്
 | 
Honey Trap
സംസ്ഥാന പോലീസില്‍ വിവാദമായ ഹണിട്രാപ്പില്‍ കേസെടുത്തു

സംസ്ഥാന പോലീസില്‍ വിവാദമായ ഹണിട്രാപ്പില്‍ കേസെടുത്തു. ഉന്നത ഉദ്യോഗസ്ഥരടക്കം കെണിയിലായ സംഭവത്തില്‍ ആദ്യത്തെ കേസാണ് ഇത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെ പാങ്ങോട് പോലീസാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം റൂറലിലെ ഒരു എസ്‌ഐ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സൗഹൃദം നടിച്ച് ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 

കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. കേസില്‍ പ്രതിയായ യുവതി രണ്ട് വര്‍ഷം മുന്‍പ് പരാതിക്കാരനായ എസ്‌ഐക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പീഡന പരാതി നല്‍കിയിരുന്നു. പരാതി പിന്നീട് പിന്‍വലിച്ചു. അതിന് ശേഷം ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പരാതിയില്‍ പറയുന്നു. പല റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് വിവരം. പക്ഷേ വഴിവിട്ട ഇടപാടുകളായതിനാല്‍ പലരും പരാതി നല്‍കിയിട്ടില്ല. 

പോലീസ് ഉദ്യോഗസ്ഥരുമായി യുവതി നടത്തിയ ഫോണ്‍ സംഭാഷങ്ങളില്‍ ചിലത് പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. എസ്‌ഐ നല്‍കിയ പരാതി പോലീസ് ആസ്ഥാനത്തുള്‍പ്പെടെ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയേക്കും. അതേസമയം തനിക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമില്ലെന്ന് യുവതി പറഞ്ഞു. 

കൊല്ലം റൂറലിലെ എസ്‌ഐ താന്‍ അറിയാതെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് പുറത്തു വന്നത്. സസ്‌പെന്‍ഷനിലായിരുന്ന സമയത്ത് ഇതേ പോലീസുകാരന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും അതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുക്കണമെന്ന് പറയുകയും ചെയ്തു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ സര്‍വീസില്‍ കയറിയാല്‍ നല്ലൊരു തുക പ്രതിഫലം നല്‍കാമെന്നാണ് ഇയാല്‍ പറഞ്ഞിരുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.