സുധീരന്റെ രാജി എന്തിനെന്ന് അറിയില്ല; രണ്ട് തവണ നേരില്‍ കണ്ടിരുന്നുവെന്ന് സുധാകരന്‍

 | 
KPCC
കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചത് എന്തിനെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചത് എന്തിനെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. രാജിവെക്കുകയാണെന്ന് ഫോണിലൂടെ അറിയിക്കുകയായിരുന്നു. സുധീരന്റെ പരാതി എന്താണെന്ന് തനിക്കറിയില്ല. പുന:സംഘടനയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. രണ്ട് തവണ ഇക്കാര്യത്തില്‍ വി.എം.സുധീരനുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ആവശ്യത്തിന് ചര്‍ച്ചകള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തിന് വിളിച്ചാല്‍ നേതാക്കള്‍ എത്താറില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണെടുക്കാത്തതിനാല്‍ അദ്ദേഹവുമായി ഇപ്പോള്‍ സംസാരിക്കാറില്ല. കോണ്‍ഗ്രസിലെ മാറ്റത്തെ താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ സ്വീകരിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ടാണ് വി.എം. സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തിലെത്തുന്നതിന് തൊട്ടുമുന്‍പാണ് രാജി. കെ.പി.സി.സിയിലെ ഉന്നതധികാര സമിതിയായിട്ടും രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ലെന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും സുധീരന്‍ അടക്കമുള്ളവര്‍ പരാതി പറഞ്ഞിരുന്നു.