പിണറായി നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ചു നല്‍കണമായിരുന്നു; കൊടിക്കുന്നില്‍ സുരേഷ്

 | 
Kodikunnil
മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ചു നല്‍കണമായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം കഴിച്ചു നല്‍കണമായിരുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലാണ് കൊടിക്കുന്നില്‍ വിവാദ പരാമര്‍ശം നടത്തിയത്. സിപിഎമ്മില്‍ നിരവധി ചെറുപ്പക്കാരുണ്ടെന്നും മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 

പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തു. ദേവസ്വം മന്ത്രിയായ കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. 

തുടര്‍ച്ചയായി പട്ടികവിഭാഗങ്ങളെ അവഗണിക്കുകയാണ് മുഖ്യമന്ത്രി. മന്ത്രിസഭാ രൂപീകരണത്തിലും അത് കണ്ടു. അതിന് ശേഷമുള്ള ഉദ്യോഗസ്ഥ നിയമനത്തിലും പി.എസ്.സി നിയമനത്തിലും പട്ടികജാതിക്കാരെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.