വെള്ളൂരിലെ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ കള്ളന്‍ കയറിയത് പാലായിലിരുന്ന് മകള്‍ കണ്ടു; ഓടിച്ചിട്ടു പിടിച്ച് പോലീസ്

 | 
Thief

കോട്ടയം വെള്ളൂരില്‍ വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ കള്ളന്‍ കയറിയത് പാലായിലെ വീട്ടിലിരുന്ന് കണ്ട മകള്‍ നല്‍കിയ വിവരം അനുസരിച്ച് ഓടിച്ചിട്ടു പിടിച്ച് പോലീസ്. കീഴൂരില്‍ താമസിക്കുന്ന വിമുക്തഭടന്‍ മേച്ചിരില്‍ മാത്യുവിന്റെ വീട്ടിലാണ് മോഷ്ടാവ് കയറിയത്. മൊബൈലില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് മാത്യുവിന്റെ മകള്‍ സോണിയ കള്ളനെ കണ്ടത്. ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്ന കീഴൂര്‍ സ്വദേശി റോബിന്‍സ് ജോണ്‍ (32) ആണ് പിടിയിലായത്. 

പുലര്‍ച്ചെ 1.30 ഓടെ ലൈവ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ സിസിടിവി ക്യാമറകള്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന കള്ളനെ സോണിയ കാണുകയായിരുന്നു. ഇതോടെ സോണിയ അയല്‍ക്കാരനായ പ്രഭാത് കുമാറിനെ ഫോണില്‍ വിവരം അറിയിച്ചു. പ്രഭാത് തലയോലപ്പറമ്പ് എസ്‌ഐ ജയ്‌മോനെ വിവരം അറിയിച്ചു. വെള്ളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വീടെങ്കിലും ജയ്‌മോന്‍ പോലീസ് സംഘവുമായി സ്ഥലത്തേക്ക് കുതിച്ചു. വിവരം അറിയിച്ചതനുസരിച്ച് വെള്ളൂര്‍ പോലീസും സ്ഥലത്തെത്തി. 

പോലീസിനെ കണ്ട് ഒന്നാം നിലയില്‍ നിന്ന് ചാടി പുറത്തേക്ക് ഓടിയ റോബിന്‍സിനെ പോലീസ് സംഘം പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. റബര്‍ തോട്ടത്തിലൂടെയും പാടത്തിലൂടെയും ഓടിയ മോഷ്ടാവിനെ ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി വെള്ളൂര്‍ എസ്‌ഐ കെ.സജി പറഞ്ഞു.