മൂന്ന് നിര്‍മാതാക്കളുടെ എറണാകുളത്തെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് പരിശോധന

 | 
Producers

മൂന്ന് ചലച്ചിത്ര നിര്‍മാതാക്കളുട എറണാകുളത്തെ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ് പരിശോധന. ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് പരിശോധന നടന്നത്. സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.

ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ്- മാക്സ് ലാബിന്റെ കച്ചേരിപ്പടിയിലെ ഓഫീസിലും, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് പരിശോധന നടന്നത്. ആശീര്‍വാദി സിനിമാസിന്റെ ട്വല്‍ത് മാന്‍, ബ്രോ ഡാഡി, ബറോസ്, എലോണ്‍, മോണ്‍സ്റ്റര്‍ എന്നീ വരാനിരിക്കുന്ന ചിത്രങ്ങള്‍ ഒടിടി റിലീസായിരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് കമ്പനിയുടെ റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. ഡിസംബര്‍ 2ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ അവസാന റിലീസ് ഫഹദ് ഫാസില്‍ നായകനായ മാലിക് ആയിരുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവാണ് അടുത്ത ചിത്രം. ഗോഡ്ഫി ബാബു സംവിധാനം ചെയ്യുന്ന എന്താടാ സജിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രം.