ഇരട്ട ജീവപര്യന്തം എന്നൊന്ന് ഉണ്ടോ? ജീവപര്യന്തം 14 വര്‍ഷമാണോ? അഡ്വ.ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് വായിക്കാം
ജീവപര്യന്തമെന്നാല്‍ 14 വര്‍ഷമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണ്?
Oct 13, 2021, 13:42 IST
| ഇരട്ട ജീവപര്യന്തം എന്നൊന്ന് ഉണ്ടോ എന്ന് പരിശോധിക്കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ കുറിപ്പ്
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് വിചാരക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. ചുമത്തപ്പെട്ട നാല് കുറ്റങ്ങളില്‍ രണ്ടെണ്ണത്തില്‍ 17 വര്‍ഷത്തെ തടവിന് ശേഷം കൊലപാതകം., കൊലപാതകശ്രമം എന്നീ കുറ്റങ്ങളില്‍ വെവ്വേറെ ജീവപര്യന്തം ശിക്ഷകളാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ ഇരട്ട ജീവപര്യന്തം എന്നൊന്ന് ഉണ്ടോ എന്ന് പരിശോധിക്കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ ഫെയിസ്ബുക്ക് കുറിപ്പ്. ജീവപര്യന്തമെന്നാല്‍ 14 വര്‍ഷമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യം എന്താണെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.
കുറിപ്പ് വായിക്കാം
ഇരട്ട ജീവപര്യന്തം എന്നൊന്നില്ല ; യാഥാർഥ്യം ഇങ്ങനെ...
'ജീവപര്യന്തമെന്നാൽ 14 വർഷമല്ല, മരണം വരെ ജയിലിൽ എന്നാണർത്ഥം, ഇരട്ട ജീവപര്യന്തവും ഇല്ല എന്നാണ് നിയമം;
സിസ്റ്റർ അഭയ കൊല കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കപ്പെട്ടത് ഏറ്റവും ഉദാത്തമായ മാതൃകയാണ്. വധശിക്ഷ ഒഴിവാക്കിയത് കോടതിയുടെ ഉന്നതമായ നീതി ബോധമാണ്.
ഈ അവസരത്തിൽ ഏറ്റവും കൂടുതൽ തെറ്റിധാരണ പടരാൻ സാധ്യതയുള്ള കാര്യം "ജീവപര്യന്തം ശിക്ഷ " എന്നതിലെ
സംശയങ്ങളാണ് എന്നതിനാൽ ജീവപര്യന്തം ശിക്ഷായുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റുക; ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുക
ജീവപര്യന്തം 14 വർഷമാണെന്ന് തെറ്റിദ്ധരിച്ച് ജഡ്ജിമാരെ തെറി പറയുന്നവർ അറിയാൻ : അഭയ വധക്കേസ് കേസ് മുഖ്യ പ്രതികൾ മരണം വരെ ജയിലിൽ കഴിയണം.
ജീവപര്യന്തം ശിക്ഷ എന്നാൽ എന്ത്
ഒരു ക്രിമിനൽ കേസിൽ കുറ്റക്കാരൻ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവൻ അഥവാ മരണം വരെ ജയിലിൽ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിന് അർത്ഥം.
അപ്പോൾ ജീവപര്യന്തമെന്നാൽ 14 വർഷമാണ് എന്ന് പറയപ്പെടുന്നതോ
പൂർണ്ണമായും തെറ്റാണ്.
ഇന്ത്യൻ ഭരണഘടനയിലോ ഏതെങ്കിലും നിയമത്തിലോ ജീവപര്യന്തം എന്നാൽ 14, 20, 50 വർഷമാണെന്ന് പറയുന്നില്ല. ജീവപര്യന്തം ശിക്ഷയെന്നാൽ ജീവിത അവസാനം വരെ തടവ് ശിക്ഷ എന്നാണ് അർത്ഥം.
ഏത് നിയമത്തിലാണ് ജീവപര്യന്തം ജീവിത അവസാനം വരെ തടവാണെന്ന് പറഞ്ഞിട്ടുള്ളത്
വിവിധ സുപ്രീംകോടതി വീധികളിൽ ഇക്കാര്യം വ്യക്തമായി സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്. 2012 ൽ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് മദൻ ബി ലോകൂറും അടങ്ങിയ ബഞ്ച് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോൾ ജീവപര്യന്തം 14 വർഷമാണ് എന്നത് തെറ്റായ വാർത്തയാണോ
തീർച്ചയായും തെറ്റായ അറിവാണ്. 2012 ൽ ഇക്കാര്യം സുപ്രീം കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. “It appears to us there is a misconception that a prisoner serving a life sentence has an indefeasible right to be released on completion of either fourteen years or twenty years imprisonment. The prisoner has no such right. എന്നാണ് കോടതി വ്യക്ത്മാക്കിയത്.
ഇരട്ട ജീവപര്യന്തം എന്ന ശിക്ഷ യഥാർത്ഥത്തിൽ ഇല്ലേ
ഇല്ല. കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിചാരണ കോടതികൾക്ക് CrPC 31 പ്രകാരം രണ്ടും മൂന്നും ജീവപര്യന്തം നൽകാമെങ്കിലും അക്ഷരാർത്ഥത്തിൽ അത് യുക്തിയില്ലാത്ത നടപടിയാണെന്ന് ചീഫ് ജസ്റ്റിസ് റ്റി എസ് താക്കൂർ അധ്യക്ഷനായ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. Any direction that requires the offender to undergo imprisonment for life twice over would be anomalous and irrational for it will disregard the fact that humans, like all other living beings, have but one life to live,” എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്.
ഇരട്ട ജീവപര്യന്തം അപ്പോൾ എങ്ങനെ ആയിരിക്കും അനുഭവിക്കുക?
ആയിരം ജീവപര്യന്തം നൽകിയാലും ഒരുമിച്ച് അനുഭവിച്ചാൽ മതി. Multiple life sentences will be served concurrently and not consecutively എന്നാണ് സ്‌ക്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയും നിയമവും.
14 വർഷത്തെ തടവ് കഴിഞ്ഞാൽ പുറത്തിറങ്ങാൻ ശിക്ഷിക്കപ്പെട്ട പ്രതിക് അവകാശമുണ്ടോ
ഇല്ല. ഒരുത്തരത്തിലുള്ള അവകാശമോ, ഏതെങ്കിലും നിയമമോ ഇല്ല.
“A convict undergoing life imprisonment is expected to remain in custody till the end of his life, subject to any remission granted by the appropriate government,” a bench of Justices K.S. Radhakrishnan and Madan B. പറഞ്ഞിട്ടുള്ളത്.
അങ്ങനെയെങ്കിൽ എങ്ങനെയാണ് ജീവപര്യന്തം പ്രതികൾ 14 വർഷം കഴിഞ്ഞ് പുറത്തിറങ്ങുന്നത്
അവിടെയാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. ക്രിമിനൽ പ്രൊസീജയർ കോഡിലെ 432 വകുപ്പ് പ്രകാരം തടവ് പുള്ളികൾക്ക് അതാത് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് ശിക്ഷ ഇളവുകൾ നൽകാനുള്ള അധികാരമുണ്ട്. എന്നാൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കിൽ CrPC 433 - A പ്രകാരം അയാൾ ചുരുങ്ങിയത് 14 വർഷക്കാലമെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കണം. ഈ 14 വർഷത്തെയാണ് ജീവപര്യന്തം കാലയളവായി ജനങ്ങൾ തെറ്റിദ്ധരിച്ചിട്ടുള്ളത്.
ഏതൊക്കെ ജയിൽപുള്ളികളെയാണ് 14 വർഷം കഴിഞ്ഞാൽ സംസ്ഥാനങ്ങൾക്ക് മോചിപ്പിക്കാൻ സാധിക്കുന്നത്
എത്ര ചെറിയ ശിക്ഷ ലഭിച്ച ആളാണെങ്കിലും ജീവപര്യന്തം ശിക്ഷ ലഭിച്ച ആളാണെങ്കിലും ജയിലിലെ പ്രതിയുടെ പെരുമാറ്റം, രോഗാവസ്ഥ, കുടുംബാംഗങ്ങളുടെ അവസ്ഥ, സമസ്ഥാന സർക്കാരിന് ശരിയാണെന്നും, ആവശ്യമാണെന്നും തോന്നുന്ന മറ്റ് സാഹചര്യങ്ങൾ ഇവ കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാവുന്നതാണ്.
പക്ഷെ ജീവപര്യന്തം പ്രതികളെ CrPC 432 പ്രകാരം മോചിപ്പിക്കുമ്പോൾ പ്രതി 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്.
ശിക്ഷ അനുഭവിക്കുന്ന പ്രതികളെ ഒന്നാകെ ഒരുമിച്ച് ഇത്തരത്തിൽ ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കരുതെന്ന് സുപ്രീം കോടതി വിധി നിലവിലുണ്ട്.
അതികൊണ്ടുതന്നെ ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് പറഞു കോടതികളെയും, ജഡ്ജിമാരെയും തെറിവിളിക്കുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കൾ അല്പം വിവേകം കാണിക്കുക. നിയമം ശരിയായി അറിയാൻ ശ്രമിക്കുക.
കോടതിയും നിയമവ്യവസ്ഥയും ലഭ്യമായ എല്ലാ തെളിവുകളും, സാക്ഷിമൊഴികളും അടിസ്ഥാനപ്പെടുത്തി പരമാവധി ശിക്ഷ നൽകി കഴിഞ്ഞു. ജീവിത അവസാനം വരെ പ്രതികളെ ജയിലിടുക എന്ന വധശിക്ഷയെക്കാൾ കഠിനമായ വലിയ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. 14 വർഷക്കാലം കിട്ടുന്നതിന് ശേഷം ആ മനുഷ്യ മൃഗങ്ങൾ പൊടീം തട്ടി പുറത്തിറങ്ങാതിരിക്കാൻ ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്.
ഈ മഹാപാപികളെ 14 വർഷങ്ങൾക്ക് ശേഷം പുറത്തിറക്കില്ല എന്നുറപ്പുള്ള നട്ടെല്ലുള്ള സർക്കാരിനെ വോട്ട് ചെയ്ത് ജയിപ്പിക്കേണ്ടത് നിങ്ങൾ പൊതുജനമാണ്.
കോടതികൾ അവരുടെ പങ്ക് ഉത്തരവാദിത്വത്തോടെ വഹിച്ചിരുന്നു ഇനി ജനങ്ങളും ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന സർക്കാരും ഇക്കാര്യത്തിൽ വെള്ളം ചേർക്കാതിരുന്നാൽ മതി.
അഡ്വ ശ്രീജിത്ത് പെരുമന