ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ വി.ഡി.സതീശന്‍
ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന ഗവര്‍ണറുടെ നിലപാടിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഗവര്‍ണറുടെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്ന് സതീശന്‍ പറഞ്ഞു. നിയമസഭ കൂടിയാണ് ഗവര്‍ണറെ ആ പദവി ഏല്‍പിച്ചത്. അദ്ദേഹത്തെ മാറ്റാനുള്ള അധികാരവും നിയമസഭയ്ക്കാണ് ഉള്ളതെന്നും സതീശന്‍ വ്യക്തമാക്കി.
ഓരോരുത്തരുടെയും ഇഷ്ടം പോലെ ഓരോ പദവിയില്‍ നിന്ന് മാറിനില്‍ക്കാനാകില്ല. നിയമസഭ കൂടി ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ അദ്ദേഹത്തിന് പദവിയില്‍ നിന്ന് ഒഴിയാന്‍ പറ്റൂ. അല്ലാത്ത പക്ഷം സ്വയം മാറിനില്‍ക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാവശ്യ ഇടപെടലുകളാണ് ഗവര്‍ണറുടെ പ്രതിഷേധത്തിന് കാരണമെങ്കിലും ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.