ഉത്ര വധക്കേസില്‍ പ്രതി സൂരജിനെ വധശിക്ഷ നല്‍കാത്തതില്‍ ഉയരുന്ന സോഷ്യല്‍ മീഡിയ വികാരത്തെ രൂക്ഷമായി വിമര്‍ശിച്ച് ബഷീര്‍ വള്ളിക്കുന്ന്
ഉത്ര വധക്കേസില്‍ പ്രതി സൂരജിനെ വധശിക്ഷ നല്‍കാത്തതില്‍ ഉയരുന്ന സോഷ്യല്‍ മീഡിയ വികാരത്തെ രൂക്ഷമായി വിമര്‍ശിച്ച് ബഷീര്‍ വള്ളിക്കുന്ന്. നീതിന്യായ വ്യവസ്ഥ നടത്തിക്കൊണ്ട് പോകല്‍ ഒരു ഫ്രീ ഓഫ് കോസ്റ്റ് പരിപാടിയല്ല. അത് ഒരു സാമൂഹിക വ്യവസ്ഥിതിയുടെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു സെഗ്മെന്റാണ്. അതിന് ചിലവഴിക്കുന്ന പണം ആ സാമൂഹിക വ്യവസ്ഥിതിയുടെ എല്ലാ തലങ്ങളേയും ജീവിപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ്. ആ വ്യവസ്ഥ താറുമാറായാല്‍ മൊത്തം വ്യവസ്ഥിതി തന്നെ താറുമാറാകും.
വംശഹത്യക്ക് നേതൃത്വം കൊടുത്തവരൊക്കെ രാജ്യം ഭരിക്കുന്ന കാലമാണ് നമ്മുടേത്. പൊതുബോധത്തിന്റെ നിലവാരവും വകതിരിവുമൊക്കെ മനസ്സിലാക്കാന്‍ അതൊക്കെ തന്നെ ധാരാളമാണ്. ആ പൊതുബോധത്തിന്റെ രതിമൂര്‍ച്ചക്ക് അനുസരിച്ച് എപ്പോഴും വിധിയുണ്ടായില്ല എന്ന് വരും. അതുകൊണ്ട് ആവേശം ഒരു പൊടിക്ക് കുറക്കുന്നത് നല്ലതാണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ ബഷീര്‍ വള്ളിക്കുന്ന് കുറിക്കുന്നു.
പോസ്റ്റ് വായിക്കാം
ഉത്ര വധക്കേസിൽ അവന് കിട്ടിയത് ഇരട്ട ജീവപര്യന്തമാണ്.. അതായത് ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കണം. അത്രയും കാലം അവനെ തീറ്റിപ്പോറ്റേണ്ടേ?. കുറെ കാശ് ചിലവാകില്ലേ.
ഭയങ്കര ചോദ്യമാണ്. പുതുക്കിയ ജയിൽ മെനു വരെ പ്രദർശിപ്പിച്ചാണ് ചോദ്യം. തോരനും സാമ്പാറും എരിശേരിയും പുളിശേരിയുമൊക്കെ കൊടുത്ത് ഇവന്മാരെ തീറ്റിപ്പോറ്റിയിട്ട് എന്ത് കാര്യം.. ഒരൊറ്റ തൂക്ക് കയർ ചിലവാക്കിയാൽ ഈ കാശൊക്കെ ലാഭിച്ചു കൂടെ എന്നും ചോദ്യമുണ്ട്.
നീതിന്യായ വ്യവസ്ഥ നടത്തിക്കൊണ്ട് പോകൽ ഒരു ഫ്രീ ഓഫ് കോസ്റ്റ് പരിപാടിയല്ല. അത് ഒരു സാമൂഹിക വ്യവസ്ഥിതിയുടെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു സെഗ്മെന്റാണ്. അതിന് ചിലവഴിക്കുന്ന പണം ആ സാമൂഹിക വ്യവസ്ഥിതിയുടെ എല്ലാ തലങ്ങളേയും ജീവിപ്പിച്ചു നിർത്തുന്ന ഒന്നാണ്. ആ വ്യവസ്ഥ താറുമാറായാൽ മൊത്തം വ്യവസ്ഥിതി തന്നെ താറുമാറാകും.
ജയിൽ പുള്ളികൾക്ക് നല്ല ഭക്ഷണവും താമസ സൗകര്യങ്ങളും കൊടുക്കുന്നത് ഒരു പരാജയപ്പെട്ട സമൂഹത്തിന്റെ ലക്ഷണമല്ല, ഒരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്. കുറ്റവാളികളെ പട്ടിണിക്കിട്ട് കൊന്ന് നിയമവ്യവസ്ഥ സംരക്ഷിക്കാനല്ല ജയിലുകൾ ഉണ്ടാക്കിയിട്ടുള്ളത്. അവരെ സ്വാഭാവിക മനുഷ്യരാക്കി പരിവർത്തിപ്പിക്കാനുള്ളതാണ് അത്.
ഉത്രയുടെ കേസിൽ അവന് ഇരട്ട ജീവപര്യന്തമാണ് ലഭിച്ചിട്ടുള്ളത്. പതിനേഴ് വർഷത്തെ തടവ് കഴിഞ്ഞ ശേഷമേ ജീവപര്യന്തത്തിന്റേത് തുടങ്ങുകയുള്ളൂ എന്നാണ് മനസ്സിലായത്. അതായത് ഏതാണ്ട് ജീവിതാന്ത്യം വരെ ജയിലഴിക്കുള്ളിൽ ആയിരിക്കും. ലഭിക്കാവുന്ന ശക്തമായ ശിക്ഷ തന്നെയാണ് അവന് കിട്ടിയിട്ടുള്ളത്. ഒരാളെ തൂക്കിക്കൊന്നാൽ മാത്രമേ നീതിയാകൂ എന്നൊക്കെ കരുതുന്നത് വെറുതെയാണ്. പാമ്പ് കടിയേല്പിച്ച് കൊന്ന ഒരു അപൂർവ കേസിൽ ഇത്തരമൊരു കുറ്റമറ്റ കേസന്വേഷണവും വിധിയും ഉണ്ടായി എന്നത് തന്നെ ആശ്വാസമുള്ള ഒരു കാര്യമാണ്.
വംശഹത്യക്ക് നേതൃത്വം കൊടുത്തവരൊക്കെ രാജ്യം ഭരിക്കുന്ന കാലമാണ് നമ്മുടേത്.. പൊതുബോധത്തിന്റെ നിലവാരവും വകതിരിവുമൊക്കെ മനസ്സിലാക്കാൻ അതൊക്കെ തന്നെ ധാരാളമാണ്. ആ പൊതുബോധത്തിന്റെ രതിമൂർച്ചക്ക് അനുസരിച്ചു എപ്പോഴും വിധിയുണ്ടായില്ല എന്ന് വരും. അതുകൊണ്ട് ആവേശം ഒരു പൊടിക്ക് കുറക്കുന്നത് നല്ലതാണ്.