ജസ്റ്റിസ് അബ്ദുൽ റഹീം കെ. എ. ടി. ചെയർമാൻ

 | 
abdul raheem

കേരള ഹൈക്കോടതി മുൻ ജഡ്ജിയും ആക്ടിങ് ചീഫ് ജസ്റ്റിസും ആയിരുന്ന ജസ്റ്റിസ് സി കെ അബ്ദുൽ റഹീമിനെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ( കെ. എ. ടി.) യുടെ ചെയർമാൻ ആയി നിയമിച്ചു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച ഉത്തരവിൽ നാലു വർഷക്കാലത്തേക്കആണ് നിയമനം. തിരുവനന്തപുരം ആസ്ഥാനമായ ട്രിബ്യൂണലിന് എറണാകുളത്ത് അഡീഷണൽ ബെഞ്ച് ഉണ്ട്. ചെയർമാനെ കൂടാതെ രണ്ട് അഡ്മിനിസ്ട്രേറ്റീവ് മെമ്പർമാരും രണ്ട് ജുഡീഷ്യൽ മെമ്പർമാരും ആണ് ട്രൈബ്യൂണലിൽ ഉള്ളത്.

 പെരുമ്പാവൂരിനടുത്ത് വെങ്ങോലയിൽ റിട്ടയേർഡ് സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ പരേതനായ ആലി പിള്ളയുടെയും കുഞ്ഞു ബീപാത്തു വിനെയും മകനായി 1958 ജനിച്ച ജസ്റ്റിസ് അബ്ദുൽ റഹീം 25 വർഷക്കാലം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2009 ഇൽ ജഡ്ജിയായ അദ്ദേഹം  2020 മെയ് മാസത്തിലാണ് റിട്ടയർ ചെയ്തത്. ജഡ്ജി എന്ന നിലയിൽ മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന അനേകം വിധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഭാര്യ ശ്രീമതി. നസീറ റഹീം. ഫൈറൂസ് എ റഹീം, ഫസ്ലീൻ എ റഹീം, ഫർഹാന എ റഹീം എന്നിവർ മക്കളും ഡോക്ടർ അസർ നവീൻ സലീം, മുഹസിൻ ഹാറൂൺ, ഫാത്തിമ ലുലു എന്നിവർ മരുമക്കളും ആണ്.

 കെ എ ടി ചെയർമാനായിരുന്ന മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ നായർ 2020 സെപ്റ്റംബർ മാസത്തിലാണ് വിരമിച്ചത്. 2020 ജൂലൈ മാസത്തിൽ തന്നെ ജസ്റ്റിസ് അബ്ദുൽ റഹീംന്റെ പേര് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്തിരുന്നു. സംസ്ഥാന മന്ത്രിസഭയുടെയും ഗവർണറുടെയും അംഗീകാരത്തോടെ രാഷ്ട്രപതിയുടെ ഉത്തരവിനായി 2020ഇൽ തന്നെ കേന്ദ്ര ഗവൺമെന്റ് സമർപ്പിച്ചതാണ്. കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഇത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായമാരാഞ്ഞു കൊണ്ട് അയക്കുകയും അത് 2021 ഫെബ്രുവരി മാസത്തിൽ തിരികെ ലഭിക്കുകയുണ്ടായി. ഇതിനിടയിൽ ട്രൈബ്യൂണലിൽ മൂന്ന് മെമ്പർമാരുടെ കാലാവധി അവസാനിച്ചു. 

ട്രൈബ്യൂണലിനെ പ്രവർത്തനം നിലച്ചു പോകുന്ന സാഹചര്യത്തിൽ എറണാകുളം ബെഞ്ചിലെ ബാർ അസോസിയേഷൻ കേരള ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ ചെയർമാന്റെ നിയമന കാര്യത്തിൽ നിശ്ചിത ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതി നിശ്ചയിച്ച കാലാവധി കഴിഞ്ഞിട്ടും  തീരുമാനം എടുക്കാത്തത് കൊണ്ട് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുകയും  കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിക്കുīകയും ചെയ്തതിനുശേഷമാണ് ഇപ്പോൾ നിയമന ഉത്തരവ് വന്നിട്ടുള്ളത്. കെ. എ. ടി. ചെയർമാനും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയാണ് പുതിയ മെമ്പർമാരെ തെരഞ്ഞെടുക്കേണ്ടത്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന കാലതാമസം  തിരുവനന്തപുരത്തും എറണാകുളത്തും ആയി ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്ന പതിനായിരക്കണക്കിന് കേസുകളെ ബാധിക്കും. ചെയർമാന്റെ നിയമന ത്തോടുകൂടി ഇക്കാര്യത്തിൽ പെട്ടെന്നുള്ള നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.