നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില് കാവ്യ മാധവനെ ഇന്ന് വിസ്തരിക്കും. പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ കാവ്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ 350ഓളം സാക്ഷികളാണുള്ളത്. ഇവരില്‍ 176 പേരെ ഇതുവരെ വിസ്തരിച്ചിട്ടുണ്ട്. കേസില്‍ വിചാരണ നടപടികള്‍ ഇനിയും നീളുമെന്നാണ് സൂചന.
വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ കോടതി അടച്ചിടേണ്ടി വന്നതു മൂലം നടപടികള്‍ വിചാരിച്ച വേഗതയില്‍ മുന്നോട്ടു പോയില്ലെന്ന് പ്രത്യേക കോടതി സുപ്രീം കോടതിയെ അറിയിച്ചു.
മെയ് മാസത്തില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. സുപ്രീം കോടതി നിര്‍ദേശിച്ച കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് വിചാരണക്കോടതിയുടെ നടപടി.