കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ തള്ളിപ്പറഞ്ഞ് കിറ്റെക്‌സ് ചെയര്‍മാന്‍; യുപിക്ക് അഭിനന്ദനം

കേരളം കോവിഡ് പ്രതിരോധത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പങ്കെടുത്ത ചാനല്‍ പരിപാടിയില്‍ സാബു
 | 
Sabu
കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ തള്ളിപ്പറഞ്ഞ് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ തള്ളിപ്പറഞ്ഞ് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. കേരളം കോവിഡ് പ്രതിരോധത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം പങ്കെടുത്ത ചാനല്‍ പരിപാടിയില്‍ സാബു പറഞ്ഞു. അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ ഉത്തര്‍പ്രദേശ് സ്വീകരിച്ച നയം അഭിനന്ദനാര്‍ഹമാണെന്നും സാബു കൂട്ടിച്ചേര്‍ത്തു. 

കേരളം അനാവശ്യമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്  ചെയ്യുന്നത്. വാക്‌സിന്‍ കൊണ്ട് മാത്രമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുക. എന്നാല്‍ കേരള സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്നും സാബു കുറ്റപ്പെടുത്തി. 

കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. എവിടെയൊക്കെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് പോലും അറിയില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നും സാബു ജേക്കബ് പറഞ്ഞു. കിറ്റെക്‌സിലെ 700ലധികം തൊഴിലാളികള്‍ യുപിയില്‍ നിന്നുള്ളവരാണ്. 

ഇവര്‍ യുപിയില്‍ എത്തി മടങ്ങിയെത്തുമ്പോള്‍ 50 പേരില്‍ ഒരാള്‍ക്ക് പോലും കോവിഡ് കണ്ടെത്താന്‍ കഴിയുന്നില്ല. പക്ഷേ കേരളത്തില്‍ 50 പേരെ പരിശോധിച്ചാല്‍ 25 പേരും രോഗബാധിതരായിരിക്കുമെന്നും സാബു പറഞ്ഞു. ഉത്തര്‍പ്രദേശ് ാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും സമാധാനപരമായ ഒരു വ്യവസായ ചുറ്റുപാടാണ് താന്‍ അന്വേഷിക്കുന്നതെന്നും സാബു പറഞ്ഞു. യോഗി ആദിത്യനാഥ് മറുപടിയായി സാബുവിനെ യുപിയിലേക്ക് സ്വാഗതം ചെയ്തു.