കശുവണ്ടി മേഖലയില് ഇറക്കുമതി ചുങ്കം ഏര്പ്പെടുത്തി കുത്തക മുതലാളിമാര്ക്ക് സഹായം ചെയ്തു; എന്‍.കെ പ്രേമചന്ദ്രനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം: എന്‍.കെ പ്രേമചന്ദ്രന് കശുവണ്ടി മേഖലയില് ഇറക്കുമതി ചുങ്കം ഏര്പ്പെടുത്തി കുത്തക മുതലാളിമാര്ക്ക് സഹായം ചെയ്തതായി ആരോപണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ലോക്സഭാ മണ്ഡലം സ്ഥാനാര്ഥി കെ.എന് ബാലഗോപാലാണ് ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നിര്മ്മലാ സീതാരാമന് ഇറക്കുമതി ചുങ്കം ഏര്പ്പെടുത്തുന്നത് സംബന്ധിച്ച് നിവേദനം നല്കിയത് എന്.കെ പ്രേമചന്ദ്രനാണെന്നും ഇക്കാര്യത്തില് തൊഴിലാളികളെ അദ്ദേഹം വഞ്ചിക്കുകയായിരുന്നുവെന്നും കെ.എന് ബാലഗോപാല് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയത്തില്‍ കശുവണ്ടി ഫാക്ടറിയിലെത്തിയ ബാലഗോപാല്‍ തൊഴിലാളികളുടെ സാന്നിധ്യത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനദ്രോഹപരമായ നടപടികള്‍ കൈക്കൊണ്ട പ്രേമചന്ദ്രനെ തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് കെ എന് ബാലഗോപാല്‍ പറഞ്ഞു. കശുവണ്ടി മേഖലയില് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ നടപടി ചെറുകിട വ്യവസായിക മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. പ്രധാനമായും തൊഴിലാളികളെയാണ് ചുങ്കം ഏര്‍പ്പെടുത്തിയ നടപടി ബാധിച്ചത്.
രാജ്യസഭാ അംഗമായിരുന്ന തന്റെയടുത്തും ഇതേ ആവശ്യവുമായി വന്‍കിട മുതലാളിമാര്‍ എത്തിയിരുന്നു. എന്നാല്‍ ജനദ്രോഹപരമായ ഈ നടപടിയ്ക്ക് താന്‍ കൂട്ടുനിന്നില്ല . തുടര്‍ന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍മ്മലാ സീതാരാമന്‍ വഴി ഈ നിവേദനം പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുകയും ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുകയും ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി വ്യവസായ മേഖലയായ കൊല്ലത്തെ ചെറുകിട കശുവണ്ടി വ്യവസായികളെ വന്‍ കടക്കെണിയിലേക്ക് തള്ളിവിടുകയും അതുവഴി ലക്ഷക്കണക്കിന് വരുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയുമാണ് ഇതിലൂടെ പ്രേമചന്ദ്രന്‍ ചെയ്തതെന്നും ബാലഗോപാല്‍ ആരോപിച്ചു.