കൊല്ലം ദേശീയപാതയില്‍ വാഹനാപകടം; ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കൊല്ലം ചെങ്കോട്ട ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ്. തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായെത്തിയ സംഘത്തില്‍പ്പെട്ടവരാണിവര്‍.
അമിതവേഗത്തിലെത്തിയ കാര്‍, വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് വിവരം. അഞ്ചു ബൈക്കുകളിലായെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു. പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് മാരുതി എര്‍ട്ടിഗ.
ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുന്നിക്കോട് പോലീസ് കേസെടുത്തു.