കോട്ടയത്ത് സജീവ സാന്നിധ്യമായി തോമസ് ചാഴിക്കാടന്‍; പ്രചാരണത്തിന് പി.ജെ ജോസഫും

കോട്ടയം: കോട്ടയത്ത് സജീവ സാന്നിധ്യമായി യു.ഡി.എഫ് സ്ഥാനാര്ത്ഥി തോമസ് ചാഴിക്കാടന്. കേരള കോണ്ഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങളൊക്കെ ഒത്തുതീര്ന്നതിന്റെ ആത്മവിശ്വാസത്തിലാണ് ചാഴിക്കാടന്റെ പ്രചാരണങ്ങള് മുന്നോട്ട് പോകുന്നത്. പി.ജെ. ജോസഫും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. കഴിഞ്ഞ വര്ഷങ്ങളിലെ കണക്കുകള് പരിശോധിച്ചാല് യു.ഡി.എഫിന് ഒപ്പം നിന്ന മണ്ഡലമാണ് കോട്ടയം. എന്നാല് ഇത്തവണ ശബരിമല, ചര്ച്ച് ബില്ല് പ്രശ്നങ്ങള് മണ്ഡലത്തിന്റെ ഗതി നിര്ണയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്തി വി.എന്‍ വാസവനെ വ്യക്തമായ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ചാഴിക്കാടന്റെ പ്രതീക്ഷിക്കുന്നത്. ത്രികോണ മത്സരമുണ്ടായാല്‍ പോലും സാമ്പ്രദായിക വോട്ടുകള്‍ കൂടെ നില്‍ക്കുമെന്നാണ് കേരള കോണ്‍ഗ്രസും കരുതുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. മതസാമുദായിക വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ്.
അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് പിജെ ജോസഫ്, തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയത് യുഡിഎഫിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പിജെ ജോസഫ് ഒടുവില്‍ പൂര്‍ണമായും പാര്‍ട്ടിക്ക് കീഴടങ്ങുകയായിരുന്നു. തോമസ് ചാഴിക്കാടന്റെ ജനപ്രീതിക്കുമുന്നില്‍ ജോസഫ് വിഭാഗത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കോട്ടയത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ എത്തും മുന്‍പേ പിജെ ജോസഫ് എത്തി. മോന്‍സ് ജോസഫിനൊപ്പമെത്തിയ പിജെയെ ജോസ് കെ. മാണി ഉള്‍പ്പടെയുള്ളവരാണ് സ്വീകരിച്ചത്. വലിയ കരഘോഷത്തോടയാണ് പി ജെ ജോസഫിനെ വേദിയിലേക്ക് സ്വീകരിച്ചത്.