കോവിഡ് വ്യാപനം; വീടിനകത്തും പുറത്തും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നാൽ കൊവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നും കോവിഡിന്റെ കാര്യത്തിൽ സ്വയം പ്രതിരോധമാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം. എന്നതായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രധാന നിർദ്ദേശം.
രാജ്യത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ പഠനം നടത്തിയത് കേരളം മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മൂന്നാം തരംഗം നേരിടാന്‍ പ്രത്യേകം ജാഗ്രത വേണം. കുട്ടികളെ പ്രത്യേകം കരുതണം. ഇന്ത്യയില്‍ ആദ്യമായി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. അന്നുമുതല്‍ ഇന്നോളം നമ്മളെല്ലാം ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത്. പൊതുവിടങ്ങളില്‍ പോകുന്നവരും ഓഫീസുകളില്‍ ജോലിക്കു പോകുന്നവരും തിരിച്ച് വീടുകളില്‍ എത്തുമ്പോള്‍ വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രതയുണ്ടാകണം. സാമൂഹിക അകലം പാലിക്കണം, കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിൽ കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. രോഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിക്കുന്ന സാഹചര്യം വരെയുണ്ടായി. ഓണക്കാലത്തും കൊവിഡ് വ്യാപനം കൂടുതലായിരുന്നു.