കോഴിക്കോട് കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ അമ്മ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കോഴിക്കോട്: കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചേവായൂരില്‍ ബസിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതിയുടെ അമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.
യുവതി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണുള്ളത്. ബലാല്‍സംഗ കേസില്‍ കുന്ദമംഗലം സ്വദേശികളായ ഗോപീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതിയായ ഇന്ത്യേഷ് കുമാറിന് വേണ്ടി തെരച്ചില്‍ നടന്നു വരികയാണ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്ര വാഹനത്തില്‍ കയറ്റി ബസില്‍ എത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
മെഡിക്കല്‍ കോളേജിന് സമീപം മുണ്ടിക്കല്‍താഴംവയല്‍ സ്റ്റോപ്പിന് അടുത്ത് വെച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡില്‍ ഇറക്കി വിട്ടു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് ബലാല്‍സംഗ വിവരം പുറത്തറിഞ്ഞത്.