ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കെപിസിസി; ലംഘിച്ചാല്‍ നടപടി
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കെപിസിസി. വിലക്ക് ലംഘിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ നടപടി ഉണ്ടാകുമെന്ന് കെപിസിസി മുന്നറിയിപ്പ് നല്‍കി. ഡിസിസി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി കെപിസിസി രംഗത്ത് വന്നത്.
പുതിയ ഡിസിസി അദ്ധ്യക്ഷ പട്ടിക വന്നതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഡിസിസി അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് ഇരുനേതാക്കളും പറഞ്ഞത്.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. രൂക്ഷ വിമര്‍ശനമാണ് ഇരു നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്. ചര്‍ച്ച നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ കെ.സുധാകരനും സതീശനും ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ കാലത്ത് എത്ര ചര്‍ച്ചകള്‍ നടന്നുവെന്നും ചോദിച്ചു. ചര്‍ച്ച നടന്നുവെന്നതിന് തെളിവായി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചവരുടെ പേരുകള്‍ എഴുതിയ ഡയറിയും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന കെപിസിസി നിലപാട് കണക്കിലെടുത്ത് ഇന്ന് നടക്കേണ്ട രണ്ട് ചാനൽ ചർച്ചകളിൽ നിന്ന് എഐസിസി കോർഡിനേറ്ററായ അഡ്വേക്കറ്റ് അനിൽ ബോസ് പിന്മാറി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ ബോസ് പ്രതികരണം അറിയിച്ചത്.