കെഎസ്ആര്‍ടിസി ബസുകള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ കഴുകാന്‍ നിര്‍ദേശം; വൃത്തിയില്ലാത്ത ബസുകള്‍ കണ്ടാല്‍ അറിയിക്കാന്‍ വാട്‌സാപ്പ് നമ്പര്‍

 | 
KSRTC

കെഎസ്ആര്‍ടിസി ബസുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദേശം. ഇതിനായി ബസ് വാഷിംഗ് ജീവനക്കാരെ നിയോഗിക്കാനും ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ പറയുന്നു. ഫാസറ്റ്, സൂപ്പര്‍ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും ഓര്‍ഡിനറി,ലോ ഫ്‌ളോര്‍,നോണ്‍ എസി ബസുകള്‍ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.

യൂണിറ്റ് ഓഫീസര്‍മാര്‍ സര്‍വ്വീസിന് നല്‍കുന്ന ബസുകള്‍ ശരിയായ രീതിയില്‍ കഴുകി വൃത്തിയാക്കുന്നതിന് ബസ് വാഷിംഗ് ജീവനക്കാരെ നിയോഗിക്കണം. യൂണിറ്റുകളില്‍ ഉള്ള ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിംഗ് ഷെഡ്യൂള്‍ ക്രമീകരിക്കും. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി വൃത്തിഹീനമായി ബസുകള്‍ സര്‍വീസ് നടത്തിയാല്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

എല്ലാ ബസുകള്‍ക്കും റിവേഴ്‌സ് ലൈറ്റും ഇന്റിക്കേറ്ററും ഘടിപ്പിക്കുന്നതിനും, ഡ്രൈവര്‍മാര്‍ക്ക് മൂവ് ചെയ്യുന്ന സീറ്റും, ബോട്ടില്‍ ഫോള്‍ഡറും, എയര്‍ വെന്റും ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റ് ഇല്ലാതെയും, ഹോണ്‍ ഇല്ലാതെയും, വൃത്തിയില്ലാതെയും ഉള്‍പ്പെടെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്ട് ആപ്പ് നമ്പരില്‍ യാത്രാക്കാര്‍ക്ക് അറിയിക്കാവുന്നതാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.