കെഎസ്ആര്‍ടിസി ഉല്ലാസയാത്ര ഇനി കടലിലേക്കും; പുതിയ പാക്കേജ് പ്രഖ്യാപിച്ചു
ഉല്ലാസയാത്രാ പാക്കേജില്‍ കടല്‍ യാത്രയും അവതരിപ്പിച്ച് കെഎസ്ആര്‍ടിസി. ടിക്കറ്റ് ഇതര വരുമാനം നേടുന്നതിനായി ഒരുക്കിയ വിനോദയാത്രാ പാക്കേജുകള്‍ ഹിറ്റായതിന് പിന്നാലെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 21 മുതലാണ് കടല്‍ യാത്ര ഉള്‍പ്പെടുന്ന പാക്കേജ് ആരംഭിക്കുന്നത്. ചാലക്കുടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര കുഴുപ്പള്ളി ബീച്ച്, ചെറായി ബീച്ച്, വല്ലാര്‍പാടം പള്ളി, ഹൈക്കോര്‍ട്ട് പാര്‍ക്ക്, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന്റെ സാഗരറാണി ബോട്ടില്‍ ഉള്‍ക്കടലിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കുന്നു.
തുടക്കത്തില്‍ ഭക്ഷണം ഒഴികെ ഒരാള്‍ക്ക് 650 രൂപയാണ് ഈടാക്കുന്നത്. കടല്‍യാത്രയായതിനാല്‍ കാലാവസ്ഥയനുസരിച്ച് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ചാലക്കുടി, മലക്കപ്പാറ, അതിരപ്പള്ളി പാക്കേജ് ഹിറ്റായതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്ന് ടൂറിസം കേന്ദ്രങ്ങളിലേക്ക് പാക്കേജുകള്‍ കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു. ഇവയെല്ലാം വന്‍ വിജയമായതോടെയാണ് പുതിയ പാക്കേജുകള്‍ അവതരിപ്പിക്കുന്നത്.