വൈദ്യുതി ലഭ്യതയില്‍ കുറവ്; രാത്രി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

 | 
KSEB
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി. പുറത്തു നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതിനാലാണ് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ ഈ കുറവ് പരിഹരിക്കുന്നതിനായാണ് ഉപഭോക്താക്കളോട് സ്വയം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ജാജര്‍ നിലയത്തില്‍ നിന്ന് ലഭിക്കുന്ന 200 മെഗാവാട്ടിലാണ് കുറവുണ്ടായിരിക്കുന്നത്. കല്‍ക്കരി ക്ഷാമം മൂലം ഇവിടെ ഉദ്പാദനം കുറവാണ്. സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6 മണി മുതലുള്ള സമയത്താണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലായുള്ളത്.

ഈ സമയത്ത് നിയന്ത്രണം ഒഴിവാക്കുന്നതിനായാണ് വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.