ആര്യന്‍ ഖാന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തയാള്‍ക്കെതിരെ മഹാരാഷ്ട്ര പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്

 | 
Aryan Khan

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിക്കിടെ പിടിയിലായ ആര്യന്‍ ഖാന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്തയാള്‍ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് മഹാരാഷ്ട്ര പോലീസ്. കിരണ്‍ ഗോസാവിയെന്ന ആള്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. ഇയാള്‍ ലഹരിമരുന്ന് കേസിലെ ഒന്‍പത് സാക്ഷികളില്‍ ഒരാളാണെന്നാണ് എന്‍സിബി പറയുന്നത്. അതേസമയം 2018ലെ തൊഴില്‍ തട്ടിപ്പു കേസില്‍ പ്രതിയാണ് ഇയാളെന്ന് മഹാരാഷ്ട്ര പോലീസ് വ്യക്തമാക്കി.

മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ചിന്മയ് ദേശ്മുഖ് എന്നയാളില്‍ നിന്ന് 3.09 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഫരസ്ഖാന പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരായ കേസ് നിലവിലുണ്ടെന്നും ഇയാള്‍ മുങ്ങി നടക്കുകയായിരുന്നുവെന്നും പൂനെ എസ്പി അമിതാഭ് ഗുപ്ത പറഞ്ഞു. ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്കൗട്ട് നോട്ടീസ് എത്തിച്ചിട്ടുണ്ട്.

ആര്യന്‍ ഖാന്റെ അറസ്റ്റിന് ശേഷം ഇയാള്‍ പുറത്തു വിട്ട സെല്‍ഫി വൈറലായിരുന്നു. കപ്പലില്‍ നടന്ന റെയ്ഡില്‍ ഇയാള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം സംശയം ജനിപ്പിച്ചിരുന്നു.