മലപ്പുറം പരാമർശം: പിണറായി വിജയന്റെ മാറുന്ന രീതിയുടെ ഭാ​ഗം- പി.വി അൻവർ ​​​​​​​

 | 
pv anwar

മലപ്പുറത്തെ സംബന്ധിച്ച പരാമർശം മുഖ്യമന്ത്രി പിണറായി വിജയന്റെ മാറുന്ന രീതിയുടെ ഭാ​ഗമാണെന്ന് പി.വി അൻവർ എംഎൽഎ. ഇപ്പോൾ താനാണ് അദ്ദേഹത്തിന്റെ ​ടാർ​ഗറ്റ് എന്നും അതിന്റെ ഭാഗമായാണ് മലപ്പുറത്തെയും ടാർഗറ്റ് ചെയ്യുന്നതെന്നും അൻവർ പറഞ്ഞു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം വലിയൊരു തെറ്റിധാരണയിലാണ് ഇപ്പോൾ ഉളളത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തിയതിലും വീഴ്ചയുണ്ടായി. അമിതമായ മുസ്ലിം പ്രീണനം മൂലമാണ് പരാജയപ്പെട്ടതെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. എന്നാൽ അത് തീർത്തും തെറ്റാണ്. അൻവർ പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ സർക്കാരിനെതിരാക്കിയത് അജിത് കുമാറിനെ പോലെയുള്ള ഉദ്യോഗസ്ഥരാണ്. കമ്മ്യൂണിസ്റ്റുകാരൻ പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ രണ്ടടി അധികം ലഭിക്കുന്ന സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ പ്രധാന കാരണം ഈ പൊലീസിങ് ആണ്. തന്നെ കള്ളക്കടത്തുകാരനാക്കാനും വർഗീയവാദിയാക്കാനും ശ്രമം നടന്നു.

സ്വരാജ് തന്നെക്കുറിച്ച് പറഞ്ഞത് വിവരക്കേടാണ്. തന്നെ ബലം പ്രയോഗിച്ചു പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. താൻ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ അന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാമായിരുന്നു. താനൊരു നിയമവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. സ്വരാജ് തന്റെ സുഹൃത്തായതുകൊണ്ട് അതിരുവിട്ടു പറയുന്നില്ല. എല്ലാവരും അതിരുവിട്ടു പോവുകയാണെങ്കിൽ താനും അതിരുവിട്ടു പറയും.

കണ്ണടച്ച് ഇരുട്ടാക്കിയിട്ട് ഉറക്കം നടിക്കുകയാണ് ചിലർ. മുഖ്യമന്ത്രിക്കും എഡിജിപ്പിക്കും ഈ വിഷയത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ഇന്ന് ജീവിച്ചിരുക്കന്നതിൽ പരിശുദ്ധനായ സഖാവാണ് പാലോളി മുഹമ്മദ്‌ കുട്ടി. മുഹമ്മദ് കുട്ടിയെ കാണ്ട് തനിക്കുണ്ടായ അനുഭവങ്ങൾ പറയും. പാലോളി പറഞ്ഞാൽ പിണറായി വിജയൻ കേൾക്കുമെന്ന് കരുതുന്നുമില്ല. ആരു പറഞ്ഞാലും കേൾക്കുന്ന സാഹചര്യമല്ല. അൻവർ പറഞ്ഞു.