കൊല്ലത്ത് ബിവറേജസില്‍ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചയാള്‍ പിടിയില്‍

കൊല്ലത്ത് ബിവറേജസ് സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് ഇയാള്‍ മദ്യം മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബിജുവിനെ തിരിച്ചറിഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കൊല്ലം ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
910 വിലയുള്ള ഓള്‍ഡ് മങ്ക് റമ്മിന്റെ കുപ്പിയാണ് ഇയാള്‍ കൈക്കലാക്കി കടന്നത്. നീല ജീന്‍സും ടീഷര്‍ട്ടുമായിരുന്നു വേഷം. ഷോപ്പിനുള്ളില്‍ മറ്റൊരാളുമായി സംസാരിച്ചു നിന്നതിന് ശേഷം അയാള്‍ കാണാതെ കുപ്പി മോഷ്ടിച്ചു. വീണ്ടും അയാളുടെ അരികില്‍ എത്തി സംസാരിച്ച ശേഷം ബില്‍ കൗണ്ടറിന് അടുത്തെത്തിയപ്പോള്‍ പുറത്തു നില്‍ക്കാം എന്ന് ആംഗ്യം കാട്ടി കടന്നുകളയുകയായിരുന്നു.
ശനിയാഴ്ച രാവിലെയും ബിജു കൗണ്ടറില്‍ എത്തിയിരുന്നു. അപ്പോള്‍ മോഷണശ്രമം വിജയിക്കാത്തതിനെ തുടര്‍ന്നാണ് വൈകിട്ട് എത്തിയത്. കുപ്പികളുടെ എണ്ണത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ കണ്ട നാട്ടുകാരാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത്. ഇതേത്തുടര്‍ന്ന് വീട്ടില്‍ പോലീസ് എത്തിയെങ്കിലും ബിജുവിനെ കണ്ടെത്തിയില്ല. പിന്നീട് ഇരവിപുരത്തു നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.