ഭാര്യയും കുഞ്ഞും സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു; നാട്ടിലെത്തിയ യുവാവ് ജീവനൊടുക്കി

കൊച്ചി: ഭാര്യയും കുഞ്ഞും സൗദിയില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണു (32) ആണ് മരിച്ചത്. അടുത്തിടെ നാട്ടിലെത്തിയ വിഷ്ണുവിനെ ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സൗദിയിലെ ഖത്തീഫില്‍ താമസിച്ചിരുന്ന വിഷ്ണു ഭാര്യ ഗാഥയുടെ (32) മരണശേഷം അടുത്തിടെയാണ് നാട്ടിലെത്തിയത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഗാഥയെ കഴിഞ്ഞ ജൂലൈയില്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ഗാഥയ്ക്ക് കോവിഡ് ബാധിച്ചു. ആശുപത്രിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ ഗാഥയെ ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പിന്നീട് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും ഗാഥയുടെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു ദിവസത്തിന് ശേഷം കുഞ്ഞും മരിച്ചു. ഇതിന് ശേഷമാണ് വിഷ്ണു നാട്ടിലെത്തിയത്. പിന്നീട് വിഷ്ണു ആരോടും അധികം സംസാരിക്കാറില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.