മയില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയ്ക്ക് പരിക്ക്

തൃശൂര്‍: ഓടുന്ന ബൈക്കില്‍ പറന്നെത്തിയ മയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം പീടികപ്പറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. മയില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിയുകയായിരുന്നു. പ്രമോസിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ വീണയ്ക്കും (24) പരിക്കേറ്റു. മറ്റൊരു ബൈക്കിലെ യാത്രക്കാരനായ ധനേഷിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മയില്‍ ചത്തു.
രാവിലെ 10 മണിയോടെ തൃശൂര്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. റോഡിന് കുറുകെ പറന്നു വന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് ധനേഷിന്റെ ബൈക്കില്‍ ഇടിക്കുകയും സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു.
സ്വകാര്യ ബാങ്ക് ജീവനക്കാരായ പ്രമോസും വീണയും ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. നാല് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പരിക്കേറ്റ ധനേഷ് പെയിന്റിംഗ് ജോലിക്കാരനാണ്. മയിലിന്റെ ജഡം വനം വകുപ്പ് ഏറ്റുവാങ്ങി.