വീണ്ടും മാധ്യമപ്രവര്‍ത്തകരുടെ കൂടുമാറ്റം; സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും മാതൃഭൂമി വിടുന്നു

 | 
Media

മാധ്യമപ്രവര്‍ത്തകരുടെ കൂടുമാറ്റം വീണ്ടും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അവതാരകരുമായ സ്മൃതി പരുത്തിക്കാടും മഞ്ജുഷ് ഗോപാലും മാതൃഭൂമി വിടുന്നു. സ്മൃതി പരുത്തിക്കാട് മീഡിയവണ്‍ ചാനലില്‍ സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായി ചുമതലയേല്‍ക്കുമെന്നാണ് വിവരം. സീടിവി തുടങ്ങുന്ന ഡിജിറ്റല്‍ ടിവിയുടെ തലവനായാണ് മഞ്ജുഷ് ഗോപാലിന്റെ പടിയിറക്കം. ഇരുവരും മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍മാരാണ്.

ഏഷ്യാനെറ്റില്‍ നിന്നാണ് മഞ്ജുഷ് ഗോപാല്‍ മാതൃഭൂമിയില്‍ എത്തിയത്. കൈരളി, ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്മൃതി പരുത്തിക്കാട് മാതൃഭൂമിയില്‍ അവതാരകയായത്. ഇരുവരും നിലവില്‍ മാതൃഭൂമിയുടെ പ്രൈംടൈം ചര്‍ച്ചാ പരിപാടിയുടെ അവതാരകരാണ്.

അഭിലാഷ് മോഹനന്‍ മീഡിയവണ്ണില്‍ നിന്ന് മാതൃഭൂമിയിലേക്ക് എത്തുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ നിന്ന് രാജിവെച്ചിരുന്നു. മീഡിയവണ്‍ എഡിറ്ററായിരുന്ന രാജീവ് ദേവരാജാണ് പകരം എത്തിയത്. മനോരമ ന്യൂസില്‍ നിന്ന് പ്രമോദ് രാമനാണ് പിന്നീട് മീഡിയ വണ്‍ തലപ്പത്തേക്ക് എത്തിയത്. അവതാരകനും ഉണ്ണി ബാലകൃഷ്ണന്റെ സഹോദരനുമായ വേണു ബാലകൃഷ്ണനെ മാതൃഭുമി  പുറത്താക്കിയതും പിന്നീട് വാര്‍ത്തയായിരുന്നു.