തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന; വീഡിയോ

 | 
Rest House

തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസുകളില്‍ പൊതുജനങ്ങള്‍ക്കും താമസ സൗകര്യം ഒരുക്കുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ശുചിത്വം ഉറപ്പു വരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മന്ത്രി രാവിലെ 11.30ഓടെ പരിശോധനയ്ക്ക് എത്തിയത്.

റസ്റ്റ് ഹൗസിലെ ശുചിത്വമില്ലായ്മയില്‍ ഉദ്യോഗസ്ഥരെ മന്ത്രി ശാസിച്ചു. അടുക്കളയും റസ്റ്റ് ഹൗസ് പരിസരവും വൃത്തിയില്ലാതെയാണ് കിടക്കുന്നതെന്നും ഇക്കാര്യത്തില്‍ റസ്റ്റ് ഹൗസ് ചുമതലയുള്ള മാനേജറില്‍ നിന്ന് വിശദീകരണം തേടാനും നിര്‍ദേശിച്ചു. മന്ത്രി വരുന്നതിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത വേണമെന്നും മന്ത്രി ശാസിച്ചു.

വൃത്തിയാക്കി വെക്കണം എന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ബാധകമല്ലേ, മിനിറ്റുകള്‍ മാത്രം മതി പരിസരം വൃത്തിയാക്കാന്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇത് പൊൡക്കാനാണോ ഉദ്ദേശ്യമെന്നും മന്ത്രി ഉദ്യോഗസ്ഥനോട് ചോദിച്ചു. ഇങ്ങനെയൊക്ക പോയാല്‍ മതിയെന്ന് ആരെങ്കിലും കരുതിയാല്‍ ഇങ്ങനെയൊന്നുമല്ല പോകാന്‍ പോകുന്നത്.

തെറ്റായ രീതിയില്‍ ഏത് ഉദ്യോഗസ്ഥന്‍ ചിന്തിച്ച് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് വെച്ചുപൊറുപ്പിക്കില്ല. ശക്തമായ നടപടിയുണ്ടാകും. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്നത് തീരുമാനമാണ്. നല്ല സമീപനത്തെ നിരുത്സാഹപ്പെടുത്തുന്ന രീതി അത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.