മിസ് കേരള അന്‍സി കബീര്‍ കൊല്ലപ്പെട്ട അപകടം; പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു. ഒരു ഓഡി കാര്‍ തങ്ങളുടെ വാഹനത്തെ പിന്‍തുടര്‍ന്നിരുന്നുവെന്ന് അപകടത്തില്‍ പെട്ട കാറിന്റെ ഡ്രൈവര്‍ അബ്ദുള്‍ റഹ്‌മാന്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍.
പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഓഡി കാര്‍ പിന്‍തുടര്‍ന്നിരുന്നുവെന്നാണ് മൊഴി. അപകടത്തില്‍ പെട്ട കാറിന് പിന്നാലെ ഓഡി കാര്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അപകടത്തിന് ശേഷം ഓഡി കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി പരിസര നിരീക്ഷണം നടത്തുന്നതിന്റെയും ആശുപത്രിയില്‍ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
രണ്ടു കാറുകളും മത്സരയോട്ടം നടത്തുകയായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. അപകടത്തില്‍ അബ്ദുള്‍ റഹ്‌മാന്‍ ഓടിച്ച കാറിലുണ്ടായിരുന്ന മൂന്നു പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ അബ്ദുള്‍ റഹ്‌മാനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.