പരവൂരില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതിയെ പിടിക്കാനാവാതെ പോലീസ്

 | 
Paravur
പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം

കൊല്ലം: പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ്‍ സ്വദേശി ഷംലയ്ക്കും മകന്‍ സാലുവിനും നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ കമ്പിവടി കൊണ്ട് ആക്രമിച്ച ആഷിക് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് ശേഷം മടങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കാര്‍ നിര്‍ത്തിയ സമയത്താണ് ആക്രമണമുണ്ടായത്. 

ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാഴ്‌സല്‍ വാങ്ങി ബീച്ചിന് സമീപം കാര്‍ നിര്‍ത്തി കഴിക്കാന്‍ തുടങ്ങുമ്പോഴാണ് ആഷിക് ഇവരെ ചോദ്യം ചെയ്തത്. കാറിനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ചായിരുന്നു ഇയാള്‍ എത്തിയത്. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ കണ്ടാല്‍ പറയില്ലല്ലോ എന്നായിരുന്നു പ്രതികരണം. 

കാറില്‍ നിന്ന് പുറത്തിറങ്ങിയ സാലുവിന്റെ കയ്യില്‍ പ്രതി മുറിവേല്‍പിച്ചു. തന്നെ കാറില്‍ നിന്ന് മുടിയില്‍ പിടിച്ചു വലിച്ച് നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. കയ്യില്‍ ഗുരുതരമായി പരിക്കേറ്റ സാലു ചികിത്സ തേടി. കണ്ടു നിന്നവര്‍ ആരും തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചില്ലെന്ന് ഷംല പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ആഷിക്കിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 

ഒരു മകന്റെ മുന്നില്‍ വെച്ച് പറയാന്‍ പാടില്ലാത്ത അസഭ്യമാണ് അയാള്‍ പറഞ്ഞത്. പ്രശ്‌നമൊന്നും ഉണ്ടാക്കേണ്ടെന്ന് കരുതി മടങ്ങാന്‍ തുടങ്ങിയപ്പോള്‍ മുന്‍വശത്തെത്തി കാറിന്റെ ചില്ല് അയാള്‍ അടിച്ചു തകര്‍ത്തുവെന്നും ഷംല വ്യക്തമാക്കി. സംഭവത്തിന് ശേഷം ആടിനെ കാറിടിച്ചത് ചോദ്യം ചെയ്ത സഹോദരനെ മര്‍ദ്ദിച്ചെന്നു കാട്ടി തെക്കുംഭാഗം സ്വദേശിയായ അഭിഭാഷക പോലീസില്‍ പരാതി നല്‍കാനെത്തിയിരുന്നു. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ആക്രമണത്തിന് ഇരയായാവരുടെ ബന്ധുക്കള്‍ പറഞ്ഞു.