പനമരത്ത് വൃദ്ധ ദമ്പതികളുടെ കൊല; എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതി പിടിയില്‍

 | 
Arjun
വയനാട്ടില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

പനമരം: വയനാട്ടില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ദമ്പതികളുടെ അയല്‍ക്കാരനായ അര്‍ജുന്‍ ആണ് പിടിയിലായത്. റിട്ട. കായികാധ്യാപകന്‍ നെല്ലിയമ്പം കാവടം പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരാണ് കൊല്ലപ്പെട്ടത്.

മൂന്ന് മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞയാഴ്ച അര്‍ജുനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ്. ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയശേഷം ബെംഗളൂരുവിലും ചെന്നൈയിലും ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ലോക്ക് ഡൗണ്‍ കാലത്ത് ജോലി നഷ്ടമായതോടെ നാട്ടില്‍ തിരിച്ചെത്തിയ അര്‍ജുന്‍ മറ്റു ജോലികള്‍ ചെയ്തു വരികയായിരുന്നു.

ജൂണ്‍ പത്താം തിയതിയാണ് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടത്തിന് നടുവില്‍ ഒഴിഞ്ഞ പ്രദേശത്തുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പത്മാവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഇവരെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. വയറിന് വെട്ടേറ്റ കേശവന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് പത്മാവതി മരിച്ചത്.