ഇടുക്കി ഡാം ട്രയല് റണ്‍; നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവെച്ചു; അണക്കെട്ടുകളിലെ ജലനിരപ്പില്‍ വ്യത്യാസമില്ല
കൊച്ചി: ചെറുതോണി ഡാം ട്രയല് റണ് ആരംഭിച്ചതോടെ നെടുമ്പാശ്ശേരിയില് വിമാനം ഇറങ്ങുന്നത് നിര്ത്തിവെച്ചു. റണ്വേയില് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനങ്ങളുടെ ലാന്ഡിംഗ് റദ്ദാക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 1.10 മുതല് വിമാനം ഇറങ്ങുന്നത് നിര്ത്താന് തീരുമാനിച്ചതായി കൊച്ചിന് ഇന്റര്നാഷനല് എയര്പോര്ട്ട് ലിമിറ്റഡ് (സിയാല്) വാര്ത്താക്കുറിപ്പില് അറിയിച്ചു. 24 മണിക്കൂറിനുള്ളില് ലാന്ഡിംഗ് പുനഃസ്ഥാപിക്കാന് കഴിയുമെന്നാണ് കരുതുന്നത്.
അതേസമയം അണക്കെട്ടുകളിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമില്ല. അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ 2399.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ഇന്ന് രാവിലെ മുഴുവന്‍ ഷട്ടറുകളും തുറന്ന ശേഷവും ഇടമലയാര്‍ ഡാമിലെ ജലനിരപ്പില്‍ കാര്യമായ മാറ്റമില്ല. 169.86 മീറ്ററാണ് നിലവിലെ ജലനിരപ്പ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇന്റര്‍നാഷനല്‍ ടെര്‍മിനലില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഫോണ്‍: 0484 3053500. ഇടുക്കിയില്‍ നിന്നെത്തുന്ന വെള്ളം പെരിയാറിലൂടെ ഒഴുകി വേമ്പനാട്ട് കായല്‍ വഴിയാണ് അറബിക്കടലിലെത്തുന്നത്. വിമാനത്താവളത്തിനോട് ചേര്‍ന്നൊഴുകുന്ന പെരിയാര്‍ നിറഞ്ഞൊഴുകിയാല്‍ റണ്‍വേയില്‍ വെള്ളം കയറും.