പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ല; തന്നെ പുറത്താക്കാന്‍ സാധിക്കില്ലെന്ന് കെ.ശിവദാസന്‍ നായര്‍

ഈ പ്രസ്ഥാനത്തെ വിട്ട് എങ്ങും പോകുന്ന പ്രശ്നമേയില്ലെന്നും ശിവദാസന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. 
 | 
K Sivadasan Nair
താന്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുതിര്‍ന് നേതാവ് കെ.ശിവദാസന്‍ നായര്‍.

താന്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുതിര്‍ന് നേതാവ് കെ.ശിവദാസന്‍ നായര്‍. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകനായ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ആ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതാകുന്നു എന്നാണ് അര്‍ത്ഥമെന്നും ശിവദാസന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. 

ഡിസിസി പട്ടികയില്‍ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് പ്രാധാന്യം നല്‍കി. പാര്‍ട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമര്‍ശിച്ച ആളുകള്‍ നയിക്കുന്ന പ്രസ്ഥാനമായി മാറി കോണ്‍ഗ്രസ് പാര്‍ട്ടി. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളോ പാര്‍ട്ടി നയത്തെ എതിര്‍ത്തിട്ടോയില്ല. സംഘടനാ സംവിധാനം നന്നാക്കാനുള്ള സദുദ്ദേശപരമായ പ്രസ്താവനയാണ് നടത്തിയതെന്നും ശിവദാസന്‍ നായര്‍ വിശദീകരിച്ചു. 

ചാനല്‍ ചര്‍ച്ചയുടെ പേരില്‍ നടപടി പാടില്ലായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയായില്ല. എനിക്ക് ആരുടെയും ഔദാര്യം ആവശ്യമില്ല. വളരെ കാലമായി സംഘടനാതെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ തന്റെ അധ്വാനം കൂടിയുണ്ട്. ഈ പ്രസ്ഥാനത്തെ വിട്ട് എങ്ങും പോകുന്ന പ്രശ്നമേയില്ലെന്നും ശിവദാസന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.