വിധിയില്‍ തൃപ്തിയില്ല; നിരാശയെന്ന് ഉത്രയുടെ മാതാവ്

 | 
Uthra
ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷയില്‍ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ്

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷയില്‍ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പ്രതിക്ക് പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും ഉത്രയുടെ അമ്മ പറഞ്ഞു. ശിക്ഷയില്‍ നിരാശയുണ്ടെന്നും അവര്‍ വ്യക്തമാക്കി. മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു.

ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഐപിസി 302,307, 321, 208 വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ആദ്യം 10 വര്‍ഷവും പിന്നീട് 7 വര്‍ഷവും തടവ് അനുഭവിക്കണം. ഇതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. പ്രതിയുടെ പ്രായം കണക്കിലെടുത്തും പ്രതിക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാതുമാണ് ജീവപര്യന്തം നല്‍കാന്‍ കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്. 5 ലക്ഷം രൂപ പിഴയും കോടിതി വിധിച്ചു.

വിഷം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ആദ്യത്തെ 17 വര്‍ഷം തടവ്. ഇതിന് ശേഷം കൊലപാതകം, വധശ്രമം എന്നീ കേസുകളില്‍ ജീവപര്യന്തവും വിധിക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായതില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍ കേസിനെ വിശേഷിപ്പിച്ചത്. വിധിന്യായത്തില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളുടെ മാനദണ്ഡങ്ങള്‍ വായിച്ചതിന് ശേഷമാണ് പരമാവധി ശിക്ഷയെന്ന നിലയില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.