ഇനി രാമസിംഹന്‍; അലി അക്ബര്‍ ഹിന്ദുമതം സ്വീകരിച്ചു

സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ അലി അക്ബര്‍ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചു. ഘര്‍വാപ്പസി എന്ന ഹാഷ്ടാഗില്‍ എഎച്ച്പി മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥാണ് ഫെയിസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചത്. അലി അക്ബര്‍ ആചാരപ്രകാരം ഹിന്ദുമതം സ്വീകരിക്കുന്നതിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുമെന്നായിരുന്നു അലി അക്ബര്‍ നേരത്തേ വ്യക്തമാക്കിയിരുന്നത്.
പൂണൂലും വെള്ളത്തുണിയും കാവി ഷാളും ധരിച്ച് ഭാര്യ ലൂസിയാമ്മയ്‌ക്കൊപ്പം ഹോമകുണ്ഡത്തിന് മുന്നിലിരിക്കുന്ന ചിത്രമാണ് ഫെയിസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തേ ഫെയിസ്ബുക്ക് ലൈവിലൂടെയാണ് താന്‍ ഇസ്ലാം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബര്‍ പ്രഖ്യാപിച്ചത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തയ്ക്ക് ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് താന്‍ മതം മാറുന്നതെന്നായിരുന്നു അലി അക്ബറിന്റെ വിശദീകരണം.