എകെജി സെന്ററിലെ തൂണിനെ വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നുണ്ട്; സുരേഷ് ഗോപിയെ അനുകൂലിച്ച് കെ.സുരേന്ദ്രന്‍

 | 
Suresh Gopi
എസ്‌ഐയില്‍ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങിയ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

എസ്‌ഐയില്‍ നിന്ന് സല്യൂട്ട് ചോദിച്ചു വാങ്ങിയ സുരേഷ് ഗോപിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥര്‍ സല്യൂട്ട് അടിക്കുന്നുണ്ട്. അവിടെയാണ് കേരളത്തിലെ അറിയപ്പെടുന്ന നടനും, രാജ്യസഭാംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിട്ടുള്ള സുരേഷ് ഗോപിക്കെതിരെ പ്രചരണം നടക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സുരേഷ് ഗോപിയെ അപമാനിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇതിനായി ചില കേന്ദ്രങ്ങള്‍ ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്യസഭാംഗം എന്ന നിലയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം ആളുകളില്‍ അസൂയ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് എന്തിനും സുരേഷ് ഗോപിയെ വിമര്‍ശിക്കുക എന്ന സമീപനം അവര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ പുത്തൂരിലെ ആദിവാസി കോളനിയില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഒല്ലൂര്‍ എസ്‌ഐയെക്കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിച്ചത്. എസ്‌ഐ വാഹനത്തില്‍ നിന്ന് ഇറങ്ങാതിരുന്നതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. സംഭവത്തില്‍ പോലീസ് അസോസിയേഷന്‍ എംപിക്കെതിരെ രംഗത്തെത്തിയിരുന്നു.