ഓണം ബമ്പറടിച്ചത് തനിക്കെന്ന് പറഞ്ഞ് സുഹൃത്ത് പറ്റിച്ചു; പണം നല്‍കിയതിന് തെളിവുണ്ട്, നിയമനടപടിക്കെന്ന് സെയ്തലവി
തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനത്തിലുണ്ടായ സിനിമാ സ്റ്റൈല്‍ ട്വിസ്റ്റിന് പിന്നാലെ സുഹൃത്തിനെതിരെ സെയ്തലവി. സമ്മാനം തനിക്കാണ് കിട്ടിയതെന്ന് പറഞ്ഞ് സുഹൃത്ത് പറ്റിച്ചെന്നും ഗൂഗിള്‍ പേ വഴി ടിക്കറ്റെടുക്കാന്‍ പണം നല്‍കിയതിന് തെളിവുണ്ടെന്നും സെയ്തലവി പറഞ്ഞു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവി തനിക്കാണ് 12 കോടിയുടെ തിരുവോണം ബമ്പര്‍ അടിച്ചതെന്ന് ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ സമ്മാനം ലഭിച്ചത് കൊച്ചി മരട് സ്വദേശിയായ ജയപാലനാണെന്ന് വൈകിട്ടാണ് സ്ഥിരീകരിച്ചത്.
സുഹൃത്തായ അഹമ്മദ് വഴി 11-ാം തിയതിയാണ് ടിക്കറ്റെടുത്തതെന്നാണ് സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ടിക്കറ്റുകള്‍ എടുത്തു. ഇതിനായി 600 രൂപ ഗൂഗിള്‍ പേയില്‍ അയച്ചു കൊടുത്തു. അന്ന് അഹമ്മദ് അയച്ചുതന്ന ടിക്കറ്റിന്റെ ചിത്രം ഫോണില്‍ നിന്ന് ഡിലീറ്റായി. നറുക്കെടുപ്പിന് ശേഷം തനിക്കാണ് ലോട്ടറി അടിച്ചതെന്ന് പറഞ്ഞ് ടിക്കറ്റിന്റെ ചിത്രം അയച്ചു തരികയായിരുന്നു.
സുഹൃത്ത് ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ല. തന്റെ വീട്ടില്‍ ആര്‍ക്കും ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞു. അതേസമയം സെയ്തലവിക്ക് വാട്‌സാപ്പില്‍ ലോട്ടറിയുടെ ചിത്രം അയച്ചത് തമാശയ്ക്കായിരുന്നുവെന്ന് അഹമ്മദ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്ന് കിട്ടിയ ചിത്രം അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്ക് ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു.