കണ്ണൂരില്‍ ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകം; പിതാവിനെതിരെ കേസെടുത്തു
കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് തലശ്ശേരി കുടുംബകോടതി ജീവനക്കാരനായ കെ.പി. ഷിജുവിനെതിരെ പോലീസ് കൊലക്കുറ്റത്തന് കേസെടുത്തു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്. പാനൂര്‍ പാത്തിപ്പലത്താണ് സംഭവമുണ്ടായത്. ഷിജുവിന്റെ ഭാര്യ സോന(25) ഒന്നര വയസുള്ള മകള്‍ അന്‍വിത എന്നിവര്‍ പാത്തിപ്പലത്ത് പുഴയില്‍ വീണു. സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അന്‍വിതയുടെ മൃതദേഹം കണ്ടെത്തിയത്.
ഒളിവില്‍ പോയ ഷിജുവിന് എതിരെ കൊലപാതകത്തിനും ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഷിജുവാണ് തന്നെയും മകളെയും പുഴയിലേക്ക് തള്ളിയിട്ടതെന്ന് സോന നാട്ടുകാരോട് പറഞ്ഞിരുന്നു. ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂളിലെ അധ്യാപികയാണ് സോന. വെള്ളിയാഴ്ച അവധിയായതിനാല്‍ ഷിജുവും സോനയും മകളും ബൈക്കിലാണ് പാത്തിപ്പാലത്ത് പുഴയ്ക്ക് സമീപം എത്തിയത്. ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ടശേഷം ഷിജു ഇവിടെനിന്ന് കടന്നുകളയുകയായിരുന്നു.
ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് അയല്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളുടെ ബൈക്ക് പുഴയുടെ സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു.