സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ ഒരു ലക്ഷം സംരംഭങ്ങള്‍; കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി വ്യവസായ വകുപ്പ്

 | 
MSME

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്‍കി വ്യവസായ വകുപ്പ്. തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാരുടെ അവലോകനയോഗത്തിലാണ് ഇതിനായുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഫെയിസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അടഞ്ഞുകിടക്കുന്ന വ്യവസായ യൂണിറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാനും വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  സ്ഥലങ്ങളില്‍ പുതിയ സംരംഭകര്‍ക്ക് വ്യവസായത്തിന് ഭൂമി അനുവദിക്കുന്നതിനും സൂക്ഷ്മ-ചെറുകിട ക്ലസ്റ്ററുകള്‍ വളര്‍ത്തിയെടുക്കുന്നതിനും പരിപാടിയിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

എം.എസ്.എം.ഇ മേഖലയില്‍
ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  വ്യവസായ വകുപ്പ് രൂപം നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ഐ.എം.ജിയില്‍ ചേര്‍ന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാരുടെ  അവലോകനയോഗത്തിലാണ് ഇതിനായുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്.  
കൃത്യമായ ആസൂത്രണം നടത്തി ഈ ലക്ഷ്യം കൈവരിക്കണമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2022-23 വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കും. 14 ജില്ലകള്‍ക്കും പ്രത്യേകം ടാര്‍ഗറ്റ് നിശ്ചയിക്കും. അതോടൊപ്പം ഓരോ ഉദ്യോഗസ്ഥനും ടാര്‍ഗറ്റ് നല്‍കി, ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനം പ്‌ളാന്‍ ചെയ്യും. സമയബന്ധിതമായി ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പുരസ്‌കാരം നല്‍കും.
വകുപ്പ് നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദമായ അവലോകനം  യോഗത്തില്‍ നടന്നു.   വരും വര്‍ഷത്തില്‍ നടപ്പാക്കേണ്ട  പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന വിശദമായ രൂപരേഖക്ക് യോഗം രൂപം നല്‍കി.
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍  സൃഷ്ടിച്ച് മാത്രമേ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം സാധ്യമാകൂ.  സംസ്ഥാനത്താകെ നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചിട്ടുള്ളത്.ഇത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് വരും നാളുകളില്‍ ഏറ്റെടുക്കേണ്ടത്.      
നിലവില്‍ അടഞ്ഞുകിടക്കുന്ന വ്യവസായ യൂണിറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കും.  
വകുപ്പിന്റെ ഉടമസ്ഥതയിലുള്ള  സ്ഥലങ്ങളില്‍ പുതിയ സംരംഭകര്‍ക്ക് വ്യവസായത്തിന് ഭൂമി അനുവദിക്കുന്നതിനും
സൂക്ഷ്മ-ചെറുകിട ക്ലസ്റ്ററുകള്‍ വളര്‍ത്തിയെടുക്കുന്നതിനും
സമയക്രമം നിശ്ചയിച്ച് പരിപാടിയിട്ടിട്ടുണ്ട്.