ഉത്തരവായി; സംസ്ഥാനത്തെ കോളേജുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ ഒക്ടോബര്‍ 4 മുതല്‍ ആരംഭിക്കും

 | 
College
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4ന് തുറക്കുന്നു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4ന് തുറക്കുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനഭങ്ങളിലെ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്‌സുകളാണ് ആരംഭിക്കുന്നത്. പോളിടെക്‌നിക് കോളേജുകളും തുറക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ സര്‍ക്കാര്‍ ഉത്തരവാണ് പുറത്തിറങ്ങിയത്.

ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ചുകൊണ്ട് നടത്താം. ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു.

സയന്‍സ് വിഷയങ്ങളില്‍ പ്രാക്ടിക്കല്‍ ക്ളാസ്സുകള്‍ക്ക് പ്രാധാന്യം നല്‍കാവുന്നതാണ്. വിദ്യാര്‍ഥികള്‍ ക്യാമ്പസ്സിനുള്ളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്ന് സ്ഥാപനമേധാവികള്‍ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മുഖാവരണങ്ങള്‍, തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയവ ഉറപ്പാക്കേണ്ടതാണ്. വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നതും സാമൂഹിക അകലം ലംഘിക്കുന്നതും അനുവദിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ക്ലാസ് റൂമുകളും ലൈബ്രറി, ലബോറട്ടറി തുടങ്ങിയവയും സമ്പൂര്‍ണമായി അണുവിമുക്തമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടേണ്ടതാണെന്നും ഉത്തരവ് പറയുന്നു.

മറ്റു നിര്‍ദേശങ്ങള്‍

വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യ വാക്സിന്‍ സ്ഥാപനതലത്തില്‍ നല്‍കുന്നതിന് സ്പെഷല്‍ ഡ്രൈവ് നടത്തി പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിന് ആരോഗ്യവിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. ഇപ്രകാരം സജ്ജീകരണങ്ങള്‍ ചെയ്യുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറുമായോ തൊട്ടടുത്ത വാക്ലിന്‍ കേന്ദ്രവുമായോ ബന്ധപ്പെടാം.

ക്ലാസ്സുകള്‍ ഒറ്റ സെഷനില്‍ 8.30 മുതല്‍ 1.30 വരെ നടത്തുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നു. അല്ലെങ്കില്‍ 9 മുതല്‍ 3 വരെ, 9.30 മുതല്‍ 3.30 വരെ, 10 മുതല്‍ 4 വരെ എന്നീ സമയക്രമങ്ങളില്‍ ഒന്ന് സാകര്യപൂര്‍വം തിരഞ്ഞെടുക്കാന്‍ കോളേജ് കാണ്‍സിലുകള്‍ക്ക് തീരുമാനിക്കാം. സൗകര്യപ്രദമായ സമയക്രമത്തില്‍ നടത്തുന്നതിന് അതാത് സ്ഥാപനാടിസ്ഥാനത്തില്‍ തീരുമാനിക്കാവുന്നതാണ്.

ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് വരത്തക്ക രീതിയില്‍ ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സമ്മിശ്ര രീതിയില്‍ കൈകാര്യം ചെയ്യാവുന്നതും ആ രീതിയില്‍ ടൈംടേബിള്‍ തയ്യാറാക്കാവുന്നതുമാണ്.

മറ്റു സെമസ്റ്ററുകളുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരണം. ഇതിന് സഹായകരമായ രീതിയില്‍ ടൈംടേബിള്‍ രൂപീകരിക്കുന്നതിന് സ്ഥാപന മേധാവികള്‍ കോളേജ് കൗണ്‍സിലിന്റെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കണം.

കോളേജ് കാണ്‍സിലിന്റെ നടപടിക്രമം കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ബന്ധപ്പെട്ട സര്‍വകലാശാലയിലും അറിയിക്കണം. എന്‍ജിനീയറിങ് കോളേജുകളില്‍ നിലവിലുള്ള രീതിയില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്നതിനുള്ള സംവിധാനം സ്വീകരിക്കാവുന്നതാണ്.

അധ്യാപക-അനധ്യാപക ജീവനക്കാര്‍ കോളേജുകളില്‍ ഹാജരാകണം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിന് തടസ്സം ഉണ്ടാകാതെ ഇരിക്കുന്നതിന് ഓഫ്‌ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിനുള്ള അധ്യാപകരുടെ എണ്ണം ഉറപ്പാക്കിക്കൊണ്ട് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ഒരു നിശ്ചിത എണ്ണം അധ്യാപകരെ റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് കോളേജ് കാണ്‍സിലുകള്‍ക്ക് തീരുമാനിക്കാം.

ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ഗര്‍ഭിണികള്‍, അപകടകരമായ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പെട്ട അധ്യാപക അനധ്യാപക ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ തുടരാന്‍ അനുവദിക്കാം. ഈ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കാന്‍ പാടില്ല.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുന്നു എന്നും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ണമായി പാലിക്കുന്നു എന്നും സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം.

ക്ലാസ്സുകളുടെ സുരക്ഷിതമായ നടത്തിപ്പിന് സ്ഥാപനതല ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. ഇവയില്‍ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷാകര്‍ത്താക്കള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍, അഗ്നിശമന സേന, പോലീസ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തണം.