പാലക്കാട് അട്ടിമറിക്ക് കളമൊരുങ്ങുന്നു; പ്രചാരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി വി.കെ ശ്രീകണ്ഠന്‍

ഇരുപത്തിയഞ്ചു വര്ഷമായി എല്ഡിഎഫ് കുത്തകയാണെന്ന് കരുതുന്ന പാലക്കാട് ലോക്സഭാ മണ്ഡലത്തില് ഇത്തവണ രഷ്ട്രീയ സമവാക്യങ്ങള് മാറി മറിയുകയാണ്. മൂന്നു മുന്നണികളും മൂന്നാം ഘട്ട പ്രചരണ വേളയിലേയ്ക്ക് കടക്കുമ്പോള് വിജയം ഉറപ്പിച്ച പ്രചാരണമാണ് യുഡിഎഫ് സ്ഥാനാര്ഥി വി കെ ശ്രീകണ്ഠന്റത്. അവസാന സര്വ്വേ ഫലങ്ങളില് ഏറ്റവും മുന്നേറ്റം ശ്രീകണ്ഠനാണ്.
 | 
പാലക്കാട് അട്ടിമറിക്ക് കളമൊരുങ്ങുന്നു; പ്രചാരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: ഇരുപത്തിയഞ്ചു വര്‍ഷമായി എല്‍ഡിഎഫ് കുത്തകയാണെന്ന് കരുതുന്ന പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ രഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുകയാണ്. മൂന്നു മുന്നണികളും മൂന്നാം ഘട്ട പ്രചരണ വേളയിലേയ്ക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച പ്രചാരണമാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്റത്. അവസാന സര്‍വ്വേ ഫലങ്ങളില്‍ ഏറ്റവും മുന്നേറ്റം ശ്രീകണ്ഠനാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ മാതൃഭൂമിയും മനോരമയും പുറത്തു വിട്ട തിരഞ്ഞെടുപ്പ് സര്‍വ്വേ വെറും പ്രഹസനം മാത്രമാണെന്ന അഭിപ്രായമാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്കിടയില്‍. ഈ സര്‍വ്വേ കഴിഞ്ഞ തവണത്തെ ഇടതു സ്ഥാനാര്‍ത്ഥി കൂടിയായ എം ബി രാജേഷിന്റെ മൃഗീയ ഭൂരിപക്ഷം, മലമ്പുഴ മണ്ഡലത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ള മാറ്റം എന്നിവ കണക്കിലെടുത്താണ്. വെറും 400 പേരുടെ അഭിപ്രായ സര്‍വ്വേയാണ് നടന്നത്.

വിജയസാധ്യത യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠനുതന്നെയെന്ന് പാലക്കാട്ടുള്ള മുന്നണികളുടെ ഗ്രൗണ്ട് ലെവല്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. മനോരമയുടെ ആദ്യ സര്‍വേയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തു എത്തുമെന്ന് കണക്കുകൂട്ടിലിലാണ് പുറത്തു വന്നത്. എന്നാല്‍ തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ക്കു ശേഷം മാതൃഭൂമി പുറത്തുവിട്ട സര്‍വ്വേ എല്‍ഡിഎഫ്, എന്‍ഡിഎ, യുഡിഎഫ് എന്നീ ക്രമത്തിലായിരുന്നു വിജയ ശതമാനം.

ഓരോ ദിവസങ്ങളിലും വരുന്ന ഈ ഒരു മാറ്റം ബോധപൂര്‍വ്വമുള്ള മാധ്യമ താല്പര്യ പ്രകാരമാണെന്ന അഭിപ്രായമാണ് വോട്ടര്‍മാര്‍ക്കിടയില്‍. അവസാനം പുറത്തുവന്നത് ഏഷ്യാനെറ്റ് സര്‍വ്വേയാണ്. പ്രചാരണം ആരംഭിച്ച ശേഷമുള്ള പഠനമാണിത്. ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രം. സ്ഥാനാര്‍ഥിയേയും മണ്ഡലത്തിലെ ജനകീയ പ്രവര്‍ത്തങ്ങളും വിലയിരുത്താതെയായിരുന്നു ആദ്യ രണ്ടു സര്‍വേകളും പുറത്ത് വന്നതെന്ന് സംസ്ഥാനമൊട്ടാകെ ആരോപണമുണ്ട്.

മണ്ഡലത്തില്‍ നിലവില്‍ കോണ്‍ഗ്രസിനുള്ള സ്വാധിനം കഴിഞ്ഞ പത്തു വര്‍ഷത്തെ തിരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ മനസിലാകും. 2009ല്‍ വെറും 1600 വോട്ടിനാണു സതീശന്‍ പച്ചേനി എം.ബി. രാജേഷിനോട് തോറ്റത്. 2014 ല്‍ കോണ്‍ഗ്രസിനു അനുകൂലമായിരുന്ന പാലക്കാട് ലോക്സഭയില്‍ കോണ്‍ഗ്രസിനു തിരിച്ചടി ഉണ്ടാവാന്‍ കാരണം പാലക്കാടുമായി ഒരു ബന്ധവുമില്ലാത്ത എം. പി വീരേന്ദ്ര കുമാറിന്റെ ജനദാതാദള്‍ വിഭാഗത്തിനു കോണ്‍ഗ്രസ് സീറ്റ് വിട്ടു കൊടുത്തതു കൊണ്ടാണ്.

ഇത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്നം രൂക്ഷമാക്കി. പലരും കോണ്‍ഗ്രസില്‍ നിന്ന് പിന്മാറുകയും രാജി വെയ്ക്കുകയും ചെയ്തു. അങ്ങനെ മണ്ഡലം ബൂത്ത് കമ്മറ്റികള്‍ നിശ്ചലമായി. യുവായ രാജേഷിനെതിരെ പ്രായമായ വീരേന്ദ്രകുമാര്‍ മത്സരിച്ചു പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് പ്രചരണത്തിന്റ ആദ്യഘട്ടത്തില്‍ത്തന്നെ മനസിലായി. പ്രചരണ സമയത്തു പോലും നടക്കാന്‍ കഴിയാത്ത സ്ഥിതി, സ്വന്തം മുണ്ടു പോലും ഒറ്റയ്ക്കു ഉടുക്കാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു വീരേന്ദ്ര കുമാറിന്. കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ പലരും വോട്ട് ചെയ്തില്ല. എതിര്‍ ഭാഗത്തു രാജേഷിന്റെ യുവത്വം, യുപിഎ സര്‍ക്കാര്‍ സമ്മാനിച്ച കോച്ച് ഫാക്ടറി എന്നിവ എല്‍ഡിഎഫിനു വളമായി.

അങ്ങനെ ഒരു ലക്ഷത്തി അയ്യായിരം എന്ന വലിയ ഭൂരിപക്ഷത്തില്‍ എം.ബി. രാജേഷ് വിജയിച്ചു. തന്നെ തോല്‍പ്പിച്ചതു കോണ്‍ഗ്രസുകാര്‍ തന്നെ ആണെന്നു വീരേന്ദ്ര കുമാര്‍ വാദിച്ചു. ഈ പക മുന്‍നിര്‍ത്തിയുള്ള ഒരു സര്‍വേ ആണ് ഇപ്പോള്‍ മാതൃഭൂമി പുറത്തു വിട്ടിരിക്കുന്നു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

മൂന്നാം സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് പോകാന്‍ ഒരു സാധ്യതയും ഇല്ലാത്ത സാഹചര്യത്തിലാണ് മാതൃഭൂമി ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിക്കുകയും കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തെക്കു തള്ളുകയും ചെയ്തത്. 7 മണ്ഡലങ്ങളില്‍ മലമ്പുഴ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിക്കു രണ്ടാം ഭൂരിപക്ഷം ഉള്ളത്. ബാക്കി 6 മണ്ഡലങ്ങളില്‍ ബിജെപി ഒരു ഓളം ഉണ്ടാക്കും എന്നല്ലാതെ വിജയ സാധ്യത വളരെ കുറവാണ്. ആസ്ഥിതിക്ക് ബിജെപി രണ്ടാം സ്ഥാനത്ത് എന്ന മാതൃഭൂമിയുടെ സര്‍വ്വേ അടിസ്ഥാനരഹിതം.

പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ജനങ്ങള്‍ക്കിടയില്‍ വളരെ അധികം സ്വാധീനമുള്ള ഏഷ്യാനെറ്റ് സര്‍വ്വേ പുറത്തുവരുന്നത്. ഇത് ഒരു പരിധിവരെ വിശ്വാസയോഗ്യമാണ്. കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെ വിശകലനം ചെയ്തിട്ടുള്ള ഒരു സര്‍വ്വേ. ‘ജയ് ഹോ’ എന്ന പേരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. കെ ശ്രീകണ്ഠന്‍ നടത്തിയ പദയാത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു.

25 ദിവസം കൊണ്ട് മണ്ഡലത്തിലുടനീളം 400 കിലോമീറ്റര്‍ നടന്നാണ് ശ്രീകണ്ഠന്‍ സാധാരണക്കാര്‍ക്കിടയില്‍ പിന്തുണ പിടിച്ചുപറ്റിയത്. ഇതോടൊപ്പം ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും സ്വാധീനവും കണക്കില്‍ എടുത്തും, സ്ഥാനാര്‍ഥിയെ കൃത്യമായി വിലയിരുത്തിയും, ശ്രീകണ്ഠനും പാലക്കാടും തമ്മിലുള്ള ബന്ധം പരിഗണിച്ചുമാണ് സര്‍വ്വേ ഫലം പുറത്തുവന്നത്.

അതേ സമയം ശബരിമലയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദേശീയ മാധ്യമങ്ങളില്ലെ വക്താവായ രാജേഷ്, തന്റ തോല്‍വി ഭയന്ന്, ശബരിമല മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ചെര്‍പ്പുളശ്ശേരിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും, അതിന്റെ ചിത്രം സ്വന്തം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംങ് എം പിയുമായ എം ബി രാജേഷിന്റെ പ്രചാരണത്തിനിടെ പ്രവര്‍ത്തകരുടെ കൈയില്‍ നിന്നും വടിവാള്‍ ലഭിച്ചതും വിവാദമായിരുന്നു. ഈ ഒരു സാഹചര്യം കൂടി കണക്കിലെടുത്ത ഏഷ്യാനെറ്റ് സര്‍വ്വേ, ഇടതു സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയായി..

ശബരിമല വികാരം വോട്ടായി മാറുന്ന ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇവിടെ പാലക്കാട് മുനിസിന്‍പാലിറ്റി ഭരിയ്ക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് മലമ്പുഴ, പാലക്കാട് നിയോജക മണ്ഡലങ്ങളില്‍ ചെറിയ തോതിലുള്ള വേരോട്ടം ഉണ്ട്. പക്ഷെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ശബരിമല വിഷയത്തിലെ നിലപാടുകളെ കണക്കിലെടുത് വോട്ട് ചോര്‍ന്നു പോകുന്നതായും പാലക്കാട്ടുകാര്‍ പറയുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ മൃദുസമീപനം കൈക്കൊള്ളുന്ന യു ഡി എഫിലേയ്ക്ക് വോട്ടുകള്‍ മറിയുമെന്ന യാഥാര്‍ഥ്യം എല്‍ ഡി എഫിനെ ആശങ്കയിലാഴ്ത്തുന്നു.