പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സഹപാഠികളുടെ പോരാട്ടം; രാജേഷിനെ അട്ടിമറിക്കാനൊരുങ്ങി വി.കെ ശ്രീകണ്ഠന്‍

ലോക്സഭാ തെരഞ്ഞെടുപ്പില് കേരളത്തിലെ ഏറ്റവും ശ്രദ്ധയാകര്ഷിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് പാലാക്കാട്. എല്.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും ഇത്തവണ 1991ലെ വിജയം ആവര്ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്ഗ്രസ്. സിപിഎമ്മിലെ ശക്തനായ നേതാക്കളിലൊരാളായ എം.ബി രാജേഷിനെ മറികടക്കാന് വി.കെ ശ്രീകണ്ഠന്റെ ജനസമ്മതിക്കാവുമെന്നാണ് യു.ഡി.എഫ് പാളയത്തിന്റെ വിശ്വാസം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മറ്റൊരു പ്രത്യേകതയുണ്ട്.
 | 
പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ സഹപാഠികളുടെ പോരാട്ടം; രാജേഷിനെ അട്ടിമറിക്കാനൊരുങ്ങി വി.കെ ശ്രീകണ്ഠന്‍

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് പാലാക്കാട്. എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും ഇത്തവണ 1991ലെ വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. സിപിഎമ്മിലെ ശക്തനായ നേതാക്കളിലൊരാളായ എം.ബി രാജേഷിനെ മറികടക്കാന്‍ വി.കെ ശ്രീകണ്ഠന്റെ ജനസമ്മതിക്കാവുമെന്നാണ് യു.ഡി.എഫ് പാളയത്തിന്റെ വിശ്വാസം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മറ്റൊരു പ്രത്യേകതയുണ്ട്.

സഹപാഠികള്‍ തമ്മിലുള്ള രാഷ്ട്രീയപോരാട്ടമാണ് പാലക്കാട് മണ്ഡലത്തില്‍ നടക്കുന്നത്. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് പഠിച്ചവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷും യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനും. കാലഘട്ടം 1986-88, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ്. പ്രീഡിഗ്രി ക്ലാസില്‍ യുവത്വത്തിന്റെ ചുറുചുറുക്കമായി രണ്ട് ചെറുപ്പക്കാര്‍. വ്യത്യസ്ത രാഷ്ട്രീയവും ആശയവും പറഞ്ഞ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍. എസ്എഫ്ഐക്കാരനായ എംബി രാജേഷും, കെഎസ്യുക്കാരനായ വികെ ശ്രീകണ്ഠനും.

അതേ ആശയവഴികള്‍ പിന്തുടര്‍ന്ന് ഈ പൊതു തിരഞ്ഞെടുപ്പില്‍ പാലക്കാട് അവര്‍ വീണ്ടും മുഖാമുഖം നില്‍ക്കുകയാണ്. സൗഹൃദമുണ്ടെങ്കിലും പോരാട്ടം വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങള്‍ തമ്മിലാണെന്ന് ഇരുവരും. ഇന്ന് എംബി രാജേഷ് സിപിഎം സംസ്ഥാന കമ്മറ്റി അംഗവും, വികെ ശ്രീകണ്ഠന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാണ്.

രണ്ടു പേരും ഷൊര്‍ണൂര്‍ സ്വദേശികള്‍. പത്ത് വര്‍ഷം എംപിയായതിന്റെ ആത്മവിശ്വാസവുമായി എംബി രാജേഷ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമ്പോള്‍ പാലക്കാട് മാറ്റുണ്ടാക്കാനാവുമെന്ന പ്രതീക്ഷയാണ് വികെ ശ്രീകണ്ഠനുള്ളത്. വിദ്യാഭ്യാസ കാലം മുതല്‍ സ്വീകരിച്ച, വിശ്വസിക്കുന്ന രാഷ്ട്രീയ ആശയങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടമാവുമ്പോള്‍ സഹപാഠികള്‍ തമ്മിലുള്ള മത്സരത്തിന് ചൂടൊട്ടും കുറയില്ല.

അതേസമയം പ്രചരണം പൊടിപാറുമ്പോള്‍ ഇടതുപക്ഷത്തിന് ചങ്കിടിപ്പേറുകയാണ്. ജില്ലയില്‍ സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളും സി.പി.എമ്മും സി.പി.ഐ.യുമായി നാലഞ്ച് കേന്ദ്രങ്ങളിലെങ്കിലുമുള്ള സ്വരചേര്‍ച്ചയില്ലായ്മയും എല്‍ഡിഎഫിന് മണ്ഡലത്തില്‍ തിരിച്ചടിയാകുമോ എന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്. ഇതോടൊപ്പം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കാനെത്തുന്നതും, ജയ്ഹോ പദയാത്ര നടത്തിയ ശ്രീകണ്ഠന് ലഭിച്ച സ്വീകാര്യതയും ഇടതുനേതാക്കള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്.

പാലക്കാട്, മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോകസഭാ മണ്ഡലം. നിയമസഭ തെരഞ്ഞടുപ്പില്‍ ഇതില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണം യുഡിഎഫുമാണ് ജയിച്ചത്. പാലക്കാട് ലോകസഭാ മണ്ഡലം നിലവില്‍ വന്ന 1957 മുതല്‍ ഇതുവരെ നാലു തവണ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളത്. 1977ല്‍ സുന്നാ സാഹിബും 1980,1984, 1991 വര്‍ഷങ്ങളില്‍ വി.എസ് വിജയരാഘവനുമാണ് കോണ്‍ഗ്രസിനു വിജയം സമ്മാനിച്ചവര്‍.

2009ല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇവിടെ. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയെ 1820 വോട്ടിനാണ് എല്‍ഡിഎഫിലെ എം.ബി രാജേഷ് പരാജയപ്പെടുത്തിയത്. 2014ല്‍ എംപി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കു അടിയറവു പറയിച്ചും രാജേഷ് ലോക്സഭയിലെത്തി.

എന്നാല്‍ ഇത്തവണ 2009ലേതിനു സമാനമായ പോരാട്ടമാണ് പാലക്കാട് നടക്കുന്നത്. പാലക്കാട്ടെ പൊരിവെയിലില്‍ 400 കിലോമീറ്ററിലധികം നടക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വം പോലും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നില്ല. ഷാഫി പറമ്പില്‍ മത്സരിക്കുമെന്നു ശ്രുതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഷാഫി തന്നെ പറഞ്ഞു’ശ്രീകണ്ഠന്‍ മത്സരിക്കും. ഞാന്‍ പ്രചാരണം നയിക്കും.’ ആ കൂട്ടുകെട്ടാണു രംഗത്തുള്ളത്. കോണ്‍ഗ്രസ് അണികളും ഗ്രൂപ്പ് വ്യത്യാസമില്ലാതെ ശ്രീകണ്ഠനു പിന്നില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു. ആദിവാസി ന്യൂനപക്ഷ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. ഈ വിഭാഗങ്ങളുടെ വോട്ട് യുഡിഎഫിനാകുമെന്ന വിലയിരുത്തലുമുണ്ട് ഇത്തവണ.