പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; ഒന്നര വര്‍ഷം ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

 | 
Elephant

പാലക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. രണ്ടാം പ്രതിയായ എടത്തനാട്ടുകര ഒതുക്കുംപുറത്ത് റിയാസുദ്ദീന്‍ ആണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഒന്നര വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ശനിയാഴ്ച ഉച്ചയോടെ കീഴടങ്ങുകയായിരുന്നു. പ്രതിയെ 30-ാം തിയതി വരെ റിമാന്‍ഡ് ചെയ്തു.

വായില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ കാട്ടാന തീറ്റയും വെള്ളവും എടുക്കാന്‍ കഴിയാതെ ചരിഞ്ഞത് ദേശീയ തലത്തില്‍ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. വായില്‍ പുഴുവരിച്ച് രണ്ടു ദിവസത്തോളം ആന വെള്ളിയാര്‍ പുഴയില്‍ നിന്ന ശേഷമാണ് ചരിഞ്ഞത്. 2020 മെയ് 27നായിരുന്നു ആന ജീവന്‍ വെടിഞ്ഞത്.

കൈതച്ചക്കയില്‍ വെച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആനയ്ക്ക് പരിക്കേറ്റതെന്ന് വ്യക്തമായിരുന്നു. ഇതോടെ പ്രദേശത്തെ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തോട്ടം തൊഴിലാളിയായ വില്‍സണെ വനംവകുപ്പ് പിടികൂടി. പിന്നീടാണ് തോട്ടം ഉടമകളായ റിയാസുദ്ദീനും പിതാവ് അബ്ദുള്‍ കരീമും തോട്ടത്തില്‍ വെച്ച പന്നിപ്പടക്കമാണ് കാട്ടാനയുടെ മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.

അബ്ദുള്‍ കരീമിനെ ഇനിയും പിടികൂടാനായിട്ടില്ല. കേസില്‍ ഇയാളാണ് ഒന്നാം പ്രതി. റിയാസുദ്ദീനെതിരെ വന്യ ജീവി സംരക്ഷണ നിയമം പ്രകാരവും, സ്ഫോടക വസ്തു കൈവശം വെച്ച കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. പോലീസും വനംവകുപ്പും ഇവര്‍ക്കെതിരെ വെവ്വേറെ കേസുകളാണ് എടുത്തിട്ടുള്ളത്.