മോഷ്ടിച്ച ടിപ്പറുമായി പാഞ്ഞ യുവാക്കളെ പിന്തുടര്‍ന്ന് കീഴടക്കി പോലീസ്; വീഡിയോ

 | 
Tipper
മോഷ്ടിച്ച ടിപ്പര്‍ ലോറിയുമായി കുതിച്ചുപാഞ്ഞ യുവാക്കളെ പിന്തുടര്‍ന്ന് കീഴടക്കി പോലീസ്

കോഴിക്കോട്: മോഷ്ടിച്ച ടിപ്പര്‍ ലോറിയുമായി കുതിച്ചുപാഞ്ഞ യുവാക്കളെ പിന്തുടര്‍ന്ന് കീഴടക്കി പോലീസ്. കോഴിക്കോട്-കണ്ണൂര്‍ റോഡില്‍ എലത്തൂരിലാണ് സംഭവം. റോഡരികില്‍ നിന്ന് മോഷ്ടിച്ച ലോറിയുമായി അമിതവേഗത്തില്‍ പാഞ്ഞ ടിപ്പറിനെ എലത്തൂര്‍ പോലീസ് പിന്തുടരുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് കുന്ദമംഗലം സ്വദേശിയുടെ ടിപ്പര്‍ മലാപ്പറമ്പില്‍ നിന്ന് മോഷ്ടിച്ചത്. ശനിയാഴ്ച രാവിലെ എലത്തൂര്‍ പോലീസ് ലോറിക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. ഇതോടെയാണ് പോലീസ് സംഘം പിന്തുടര്‍ന്നത്.

പോലീസിനെ കണ്ടതോടെ കുതിച്ചുപാഞ്ഞ ടിപ്പര്‍ ഇതിനിടെ 5 വാഹനങ്ങളില്‍ ഇടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നടക്കാവില്‍ നിന്ന് ബിലാത്തികുളം ഭാഗത്തേക്ക് തിരിഞ്ഞ ടിപ്പര്‍ ഇടവഴിയിലൂടെ ബിലാത്തികുളം ശിവക്ഷേത്രത്തിലേക്ക് കയറി. ഒടുവില്‍ ക്ഷേത്രത്തിന്റെ കല്‍മണ്ഡപത്തില്‍ ഇടിച്ചു കയറിയ ലോറിയില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കീഴടക്കുകയായിരുന്നു.

എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ് (20) ആണ് ലോറി ഓടിച്ചത്. ഇയാളെയും ഒപ്പമുണ്ടായിരുന്ന പണിക്കര്‍റോഡ് നാലുകോടിപറമ്പ് നിധീഷിനെയും(22) പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മുന്‍പും മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.

വീഡിയോ കാണാം