അനാവശ്യ പിഴ ചോദ്യം ചെയ്ത സംഭവം; മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് പോലീസ് അറിയിച്ചതായി പെണ്‍കുട്ടി

ബാങ്കിന് മുന്നില് ക്യൂ നിന്നതിന് പെറ്റിക്കേസെടുത്ത പോലീസിനെ ചോദ്യം ചെയ്ത സംഭവത്തില് മാപ്പു പറഞ്ഞാല് കേസ് പിന്വലിക്കാമെന്ന് പോലീസ് അറിയിച്ചതായി പെണ്കുട്ടി
 | 
അനാവശ്യ പിഴ ചോദ്യം ചെയ്ത സംഭവം; മാപ്പ് പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് പോലീസ് അറിയിച്ചതായി പെണ്‍കുട്ടി

കൊല്ലം: ബാങ്കിന് മുന്നില്‍ ക്യൂ നിന്നതിന് പെറ്റിക്കേസെടുത്തത് ചോദ്യം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്ന് പോലീസ് അറിയിച്ചതായി പെണ്‍കുട്ടി. കേസ് പിന്‍വലിക്കാമെന്ന് ചില രാഷ്ട്രീയക്കാര്‍ വഴി പോലീസ് അറിയിച്ചതായാണ് ഗൗരിനന്ദ പറഞ്ഞത്. മാപ്പു പറഞ്ഞാല്‍ കേസ് പിന്‍വലിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസിനെ ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് ഇതെന്നും താന്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്‌ക്കെതിരെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തത്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അമ്മയുമായി ആശുപത്രിയില്‍ പോയി വരും വഴി പണമെടുക്കാന്‍ എടിഎമ്മിന് സമീപത്തേത്ത് എത്തിയപ്പോള്‍ പ്രായമുള്ള ഒരാളും പോലീസും തമ്മില്‍ വാക്കേറ്റം നടക്കുന്നതു കണ്ടു. പ്രശ്‌നം എന്താണെന്ന് ചോദിച്ചപ്പോള്‍ തനിക്കും പോലീസ് പെറ്റി എഴുതി നല്‍കി.

സാമൂഹിക അകലം പാലിച്ചില്ലെന്ന കുറ്റമാണ് ചുമത്തിയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നുവെന്ന് ഗൗരി പറഞ്ഞു. സംഭവത്തില്‍ യുവജന കമ്മീഷന് പരാതി നല്‍കിയതായും ഗൗരി അറിയിച്ചു.